തിരുവനന്തപുരം: ഈ വര്‍ഷത്തെ സപ്ലൈകോയുടെ ക്രിസ്തുമസ് ന്യൂ ഇയര്‍ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (20/12/2022) വൈകുന്നേരം 4.30ന് പുത്തരിക്കണ്ടം മൈതാനിയില്‍ ഭക്ഷ്യ പാെതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നിര്‍വ്വഹിച്ചു. ഉത്സവകാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഫെയറുകള്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഫെയറുകളിലൂടെ വില്‍പ്പന നടത്തുന്ന ഭക്ഷ്യ വസ്തുക്ക്ള്‍ക്ക് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനു വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബ്രാന്റഡ് ഉത്പന്നങ്ങള്‍ക്ക് 10 മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ ഫെയറുകളില്‍ നിന്നും വാങ്ങാവുന്നതാണ്. ഈ സീസണില്‍ കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ വില കേരളാ ബാങ്കിന്റെ സഹായത്തോടെ കുടിശ്ശികയില്ലാതെ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് മന്ത്രി പറഞ്ഞു. ഡിസംബര്‍ 20 മുതല്‍ ജനുവരി 2 വരെയാണ് ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്തിനു പുറമെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിലും ക്രിസ്തുമസ് ന്യു ഇയര്‍ ഫെയറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, ഡപ്യൂട്ടി മേയര്‍ പി.കെ. രാജു, സപ്ലൈകോ സി.എം.ഡി സജ്ജീബ് കുമാര്‍ പഡ്ജോഷി ഐ.പി.എസ്, സപ്ലൈകോ ജി.എം. ശ്രീറാം വെങ്കിട്ടരാമന്‍, സപ്ലൈകോ തിരുവന്തപുരം മേഘലാ മാനേജര്‍ ജലജ എസ് റാണി എന്നിവര്‍ പങ്കെടുത്തു.
