നഗര വസന്തം; മത്സ്യലോകത്തിലെ അത്ഭുതക്കാഴ്ചകള്‍ കാണാൻ കനകക്കുന്നിലേക്ക് വരൂ…

IMG_20221227_224332_(1200_x_628_pixel)

 

തിരുവനന്തപുരം:മുതലയുടെ മുഖമുള്ള മത്സ്യം, കൈകളും കാലുകളും മനുഷ്യനെപ്പോലെ പല്ലുകളുമുള്ള മത്സ്യം, കരയിലും വെള്ളത്തിലും ജീവിക്കാന്‍ കഴിവുള്ള മത്സ്യം മത്സ്യലോകത്തിലെ അത്ഭുതക്കാഴ്ചകള്‍ കാണമെങ്കില്‍ കനകക്കുന്നിലേക്ക് വരൂ… ആമസോണ്‍ നദിയിലെ ആവാസവ്യവസ്ഥയില്‍ മാത്രം കാണുന്ന മീനുകളെവരെ കനകക്കുന്നില്‍ നഗരവസന്തത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള അക്വേറിയത്തില്‍ കാണാം. 50ലേറെ ഇനം മത്സ്യങ്ങളാണ് അക്വേറിയത്തിലുള്ളത്. മുതലയുടേതിനു സമാനമായ മുഖമുള്ള അലിഗേറ്റര്‍ ഗാറാണ് ആമസോണില്‍ നിന്നുളള വിഐപികളില്‍ ഒരാള്‍. പ്രദര്‍ശനത്തിലെ ചെറിയ കണ്ണാടിക്കൂട്ടില്‍ കിടക്കുന്ന അലിഗേറ്റര്‍ ഏഴയിടോളം നീളംവെക്കും എന്നറിയുമ്പോഴാണ് അത്ഭുതം തോന്നുക. ആമസോണില്‍ നിന്നു തന്നെയുള്ള ലങ് ഫിഷ് പൊതുവേ ശാന്ത പ്രകൃതനാണ്. വെള്ളത്തില്‍ നിന്നു പിടിച്ചു കരയിലിട്ടാലും ഒന്നോ രണ്ടോ ദിവസമൊക്കെ പുള്ളി പുല്ലുപോലെ അതിജീവിക്കും. മനുഷ്യന്റെ കൈകള്‍ക്കും കാലുകള്‍ക്കും സമാനമായ അവയവങ്ങളും പല്ലുകളും ലങ് ഫിഷിനെ വ്യത്യസ്ഥനാക്കുന്നു. വെള്ളി നിറത്തില്‍ വെട്ടിത്തിളങ്ങുന്ന രണ്ടുപേരുണ്ട് ഒരു കണ്ണാടിക്കൂട്ടില്‍. ഒറ്റ നോട്ടത്തില്‍ നല്ല മൂര്‍ച്ചയുള്ള രണ്ടു കത്തികള്‍ ആണെന്നേ തോന്നൂ. കത്തിയുടെ മൂര്‍ച്ചയുള്ള ഭാഗത്തിന്റെ തിളക്കംവരെ കൃത്യമായി കാണാം. രൂപം പോലെത്തന്നെ നൈഫ് ഫിഷ് എന്നാണ് ഈ സൂഹൃത്തുക്കളുടെ പേര്. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യമായ അരാപൈമയും പിരാനകളും കറുപ്പും വെളുപ്പും ഷാര്‍ക് ഫിഷുകളും ജപ്പാനില്‍ നിന്നുള്ള ജപ്പാന് പോയ് എന്ന സുന്ദരനും എല്ലാം കൗതുകമുണര്‍ത്തുന്ന കാഴ്ചകളാണ്. ഇതിനെല്ലാം പുറമേ നമ്മുടെ പതിവ് അലങ്കാര മത്സ്യങ്ങളായ ഗോള്‍ഡ് ഫിഷും, കാറ്റ് ഫിഷും ഫ്‌ളവര്‍ ഹോണും ജയന്റ് ഗൗരാമിയും അരോണയും ഓസ്‌കാറും എല്ലാം പ്രദര്‍ശനത്തിലുണ്ട്. ഓരോ കൂടിനു മുകളിലും മത്സ്യത്തിന്റെ പേരും ശാസ്ത്രനാമവും മറ്റു വിവരങ്ങളുമടങ്ങുന്ന ചെറിയ കുറിപ്പുകള്‍ പതിച്ചിട്ടുള്ളതിനാല്‍ അക്വേറിയം പുതിയ അറിവുകളും പകര്‍ന്നു നല്‍കുന്നു. മലയന്‍കീഴ് സ്വദേശിയും മുന്‍ കെഎസ്ഇബി ഉദ്യോഗസ്ഥനുമായ രാജന്റെ നേതൃത്വത്തിലുള്ള വയലോരം അക്വേറിയമാണ് നഗര വസന്തത്തിലെ അക്വേറിയക്കാഴ്ചകള്‍ ഒരുക്കിയിട്ടുള്ളത്. 2003 മുതല്‍ അക്വേറിയവുമായി പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുന്ന രാജന്റെ 59ാമത് പ്രദര്‍ശനമാണിത്. തൃശൂര്‍ പൂരം പ്രദര്‍ശനത്തിലും നാട്ടിക ബീച്ച് ഫെസ്റ്റിവെലിലുമെല്ലാം രാജനും വയലോരം അക്വേറിയവും പതിവു കാഴ്ചയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മത്സ്യ ഇനങ്ങളെക്കുറിച്ചു പഠനം നടത്തി അവയെ ഇറക്കുമതിചെയ്ത് സന്ദര്‍ശകര്‍ക്കു മുന്നിലെത്തിക്കുകയാണ് രാജനും സംഘവും. അതുകൊണ്ടുതന്നെ കാര്‍ഷിക കോളെജില്‍ നിന്നും മറ്റും പഠനാവശ്യത്തിനായി വിദ്യാര്‍ഥികളടക്കമുള്ളവര്‍ രാജനെ സമീപിക്കാറുണ്ട്. നഗരവസന്തത്തിലെ ഏറ്റവും തിരക്കേറിയ കാഴ്ചകളിലൊന്നായി അക്വേറിയം മാറിക്കഴിഞ്ഞു. നഗര വസന്തം ആരംഭിച്ചിട്ട് ഇന്ന് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. ഓരോ ദിവസവും പുതിയ പുതിയ കാഴ്ചകളും കലാസാംസ്‌കാരിക പരിപാടികളും സന്ദര്‍ശകര്‍ക്കായി ഒരുക്കുകയാണ് നഗരവസന്തം. ദിവസംതോറും നഗരവസന്തത്തിലേക്കെത്തുന്നവരുടെ തിരക്കു വര്‍ധിക്കുകയാണ്. തലസ്ഥാനത്തിന്റെ പുതുവത്സരാഘോഷങ്ങള്‍ കൊഴുപ്പിക്കാനായി കൂടുതല്‍ വിഭവങ്ങളുമായി തയാറെടുക്കുകയാണ് നഗരവസന്തം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular