നഗര വസന്തം: ഉത്സവ രാവുകൾക്ക് വിട

IMG_20221226_100808_(1200_x_628_pixel)

 

തിരുവനന്തപുരം:തലസ്ഥാനത്തിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് പുതിയ മുഖം നല്‍കിയ നഗരവസന്തം പുഷ്‌പോത്സവം സമാപിച്ചു. ഇന്നലെ രാത്രി ഒരുമണിയോടെ നഗരവസന്തത്തിന്റെ ഭാഗമായുള്ള പുഷ്പ പ്രദര്‍ശനവും ഫുഡ്‌കോര്‍ട്ടും വൈദ്യുത ദീപാലങ്കാരങ്ങളുമെല്ലാം അവസാനിച്ചു. തിരുവനന്തപുരത്തിന്റെ പതിവ് ആഘോഷ രീതികളില്‍ നിന്നും വ്യത്യസ്ഥമായ രീതികള്‍ പരിചയപ്പെടുത്തിയാണ് നഗര വസന്തം സമാപിക്കുന്നത്. കനകക്കുന്നിലും നിശാഗന്ധിയിലും സുര്യകാന്തിയിലുമൊക്കെയായി ഒതുങ്ങിയിരുന്ന ആഘോഷങ്ങളെ നഗരത്തിന്റെ മറ്റു മേഖലകളിലേക്കെല്ലാം വ്യാപിപിച്ചുകൊണ്ട് നഗരത്തെയാകെ ഉത്സവവേദിയാക്കിക്കൊണ്ടാണ് നഗരവസന്തം അവസാനിക്കുന്നത്. സര്‍ഗാത്മകതക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി നൂറോളം ഇന്‍സ്റ്റലേഷനുകള്‍ക്കൂടി ഉള്‍പ്പെടുത്തി കാഴ്ചയുടെ വിരുന്നായാണ് നഗര വസന്തം സംഘടിപ്പിച്ചത് എന്നത് മറ്റൊരു പ്രത്യേകതയാണ്. നൈറ്റ് ലൈഫിന് കൂടുതല്‍ പ്രാധാന്യം നല്‍കി എന്നതാണ് നഗര വസന്തത്തിന്റെ ഏറ്റവും വലിയ സവിശേഷത. ലോകത്തെല്ലായിടത്തും ടൂറിസം മേഖലയില്‍ നൈറ്റ് ലൈഫിനു വലിയ പ്രാധാന്യം നല്‍കുമ്പോള്‍ കേരളത്തില്‍ അത് അത്രകണ്ട് പ്രചാരത്തിലെത്തിയിരുന്നില്ല. കേരളത്തിലെ തന്നെ ആദ്യ നൈറ്റ് ലൈഫ് മേളയാണ് നഗരവസന്തം എന്നു വേണമെങ്കില്‍ പറയാം. മറ്റാഘോഷവേളകളിലും സാധാരണ ദിവസങ്ങളിലും രാത്രി ഒന്‍പതു മണിയോടെ വെളിച്ചങ്ങള്‍ അണഞ്ഞ് ശൂന്യമാകുന്ന കനകക്കുന്നും പരിസരവും, വെള്ളയമ്പലം കവടിയാര്‍ റോഡും, മ്യൂസിയം പരിസരവുമെല്ലാം രാത്രി ഒരു മണിവരെ വെട്ടിത്തളങ്ങി സജീവ ആഘോഷവേദികളായ രണ്ടാഴ്ചയാണ് കടന്നുപോയത്. സംസ്ഥാനത്തിന്റെ ടൂറിസം മേഖലക്ക് നൈറ്റ് ലൈഫ് ടൂറിസത്തിന്റെ ഒരു വിജയ മാതൃക കാട്ടിയിരിക്കുകയാണ് നഗരവസന്തത്തിലൂടെ. സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായാണ് നഗര വസന്തം സംഘടിപ്പിച്ചത്. തിരുവനന്തപുരം നഗരസഭയുടെയും തലസ്ഥാനത്തെ റസിഡന്റ്‌സ് അസോസിയേഷനുകളുടേയും പൊതു, സ്വകാര്യ മേഖല സ്ഥാപനങ്ങളുടെയും സഹകരണവും മേളയ്ക്കു ലഭിച്ചു. തലസ്ഥാന ജനത മേളയെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു. ആദ്യ ദിവസം മുതല്‍ സമാപന ദിവസം വരെ മേളയില്‍ അനുഭവപ്പെട്ട ജനത്തിരക്ക് ഇതിന്റെ തെളിവാണ്.

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular