തിരുവനന്തപുരം:ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പതിനാലു വയസ്സുകാരിയുമായി കടക്കാൻ ശ്രമിച്ച ആൾ അറസ്റ്റിൽ. അയിരൂർ സ്വദേശി പ്രകാശൻ (55) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. ഇയാൾ പാറശാല കെഎസ്ആർടിസി ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർവൈസർ കൂടിയാണ്.പതിനാലുകാരിയായ പെൺകുട്ടിയെ ഫെയ്സ്ബുക്ക് വഴി പരിചയപ്പെടുകയും പ്രലോഭിപ്പിക്കുകയും ചെയ്ത് വീട്ടിൽ നിന്നും ഇറങ്ങിവരാൻ പ്രേരിപ്പിക്കുകയുമായിരുന്നു. കുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ ഡിസംബർ 3ന് അയിരൂർ പൊലീസിൽ പരാതി നൽകി. കുട്ടിയുടെ സമൂഹ്യമാധ്യമങ്ങളിലെ ചാറ്റിങ് വിവരങ്ങൾ പൊലീസ് പരിശോധിക്കുകയും ഇതിലൂടെ പ്രതിയെ കണ്ടെത്തുകയുമായിരുന്നു. പ്രകാശൻ കുട്ടിയുമായി ട്രെയിൻ മാർഗം എറണാകുളത്തേക്ക് പോകുകയായിരുന്നു. ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസ് ഇരുവരെയും എറണാകുളത്തുവച്ച് പിടികൂടി.