തിരുവനന്തപുരം: പട്ടം പ്ലാമൂടിൽ ബിരുദ വിദ്യാർഥി സാന്ദ്രയുടെ ദുരൂഹ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടി രണ്ടു വർഷമായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നും കോളജിൽ പോകാറുണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പൊലീസിൽ മൊഴി നൽകി. അടുത്തിനിടെയായി മുറിക്കുള്ളിലിരുന്ന മൊബൈൽ ഗെയിം കളിക്കുകയായിരുന്നു പെൺകുട്ടിയുടെ പ്രധാന വിനോദമെന്നും ബന്ധുക്കൾ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ മൊഴി നൽകി.മരണത്തിൽ മ്യൂസിയം പൊലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് പ്ലാമൂട്ടിലെ വീട്ടിനുള്ളിൽ വായിൽ ടേപ്പൊട്ടിച്ച് സാന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു സാന്ദ്രയെന്ന് പൊലീസും സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ വീടിൻെറ താഴത്തെ നിലയിലുള്ള മുറിയിലാണ് സാന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വായിൽ പ്ലാസ്റ്റർ ഒട്ടിച്ച് മൂക്കിൽ ക്ലിപ്പുകള്‍ വച്ച നിലയിലായിരുന്നു കണ്ടത്. സംഭവം നടക്കുമ്പോള്‍ അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു.