ആര്യനാട്: പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിൽ തീ പിടിച്ച് പൊട്ടിത്തെറിച്ചു. ഇതേ തുടര്‍ന്ന് അടുക്കള ഏതാണ്ട് പൂര്‍ണ്ണമായും കത്തി. ഈ സമയം അടുക്കളയിലുണ്ടായിരുന്ന വീട്ടമ്മയും അമ്മയും അത്ഭുതകരമായി രക്ഷപ്പെട്ടു. ആര്യനാട് ഇറവൂർ മൃണാളിനി മന്ദിരത്തിൽ കെ രതീഷിന്‍റെ വീട്ടിൽ ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് സംഭവം. തീ പിടിത്തത്തെ തുടര്‍ന്ന് ഗൃഹോപകരണങ്ങളും വയറിങ്ങുകളും കത്തി നശിച്ചു.രതീഷിന്‍റെ ഭാര്യ ആതിര പാചകം ചെയ്യുന്നതിനിടെ പെട്ടെന്ന് വലിയ ശബ്ദം കേട്ടു. അപ്പോള്‍ തന്നെ അമ്മ അംബിയെയും കൂട്ടി ഇവര്‍ വീടിന് പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. തൊട്ടു പിന്നാലെ ഗ്യാസ് സിലിണ്ടറിന്‍റെ റഗുലേറ്റർ തീ പിടിച്ച് ഊരിത്തെറിക്കുകയും അടുക്കളയിലേക്ക് തീ പടരുകയുമായിരുന്നു. ഫ്രിഡ്ജ്, മിക്സി, ഇൻഡക്‌ഷൻ കുക്കർ, പാത്രങ്ങൾ, സ്വിച്ച് ബോർഡ് എന്നിവയിലേക്കും തീ പടർന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ സമീപവാസികൾ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാല്‍ മറ്റ് മുറികളിലേക്ക് തീ പടര്‍ന്നില്ല. തുടര്‍ന്ന് ഗ്യാസ് സിലിണ്ടർ പുറത്തേക്ക് മാറ്റി. നെടുമങ്ങാട് അഗ്നിശമന വിഭാഗത്തെ വിവരമറിയിച്ചതനുസരിച്ച് അവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.