വട്ടപ്പാറ: വേറ്റിനാട് ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ഗ്യാസ് സിലിണ്ടർ ലോറിയുടെ ഡ്രൈവറിന് ഗുരുതര പരിക്ക്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. വട്ടപ്പാറ നിന്നും കിളിമാനൂർ ഭാഗത്തേക്ക് വന്ന ഗ്യാസ് കൊണ്ട് പോയ ലോറിയും കിളിമാനൂർ ഭാഗത്ത് നിന്നും വട്ടപ്പാറ ഭാഗത്തേക്ക് പോയ മെറ്റെൽ കയറ്റി വന്ന ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഗ്യാസ് കയറ്റി വന്ന ലോറി കെ എസ് ആർ ടി സി ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന ഗ്യാസ് ലോറിയിലെ ഡ്രൈവറെ പുറത്തെടുക്കാൻ കഴിയാതെ കുടുങ്ങിയ അവസ്ഥയിൽ ആയിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ലോറി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.