വിളപ്പിൽശാല : പരസ്യ മദ്യപാനം ചോദ്യംചെയ്തയാളെ ബിയർ കുപ്പികൊണ്ട് അടിച്ച് കാഴ്ചശക്തി നഷ്ടപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ വിളപ്പിൽശാല പോലീസ് അറസ്റ്റുചെയ്തു. മാറനല്ലൂർ കൂവളശ്ശേരി നവോദയ ലയ്‌നിൽ വിഷ്ണു എന്നുവിളിക്കുന്ന ആർ.ജോണിയെ(26)യാണ് കേസിൽ വിളപ്പിൽശാല സ്റ്റേഷൻ ഇൻസ്‌പെക്ടർ എൻ.സുരേഷ്‌കുമാർ അറസ്റ്റുചെയ്തത്.കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ രാത്രി പത്തരയോടെ കാട്ടുവിളയിലായിരുന്നു അക്രമം. പനയറവിളാകം സജി ഭവനിൽ ആർ.സജി(44)യ്ക്കാണ് അക്രമത്തിൽ ഇടതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടത്. മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ട സജിയെ നിലത്ത് തള്ളിയിടുകയും ചവിട്ടുകയും ചെയ്തു. അതിനുശേഷം ബിയർ കുപ്പികൊണ്ട് തലയ്ക്കടിക്കുമ്പോൾ ഒഴിഞ്ഞുമാറിയപ്പോഴാണ് കണ്ണിൽ പരിക്കേറ്റത്. രണ്ട് ശസ്ത്രക്രിയകൾ നടത്തിയെങ്കിലും കാഴ്ച നഷ്ടപ്പെട്ടു. പ്രതിക്കെതിരേ സമാനമായ കേസുകളുണ്ടെന്നും ഇയാൾ കുറ്റസമ്മതം നടത്തിയതായും പോലീസ് പറഞ്ഞു. അറസ്റ്റിലായ ജോണിയെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.