ചിറയിൻകീഴ് : പക്ഷിപ്പനി സ്ഥിരീകരിച്ച അഴൂർ പഞ്ചായത്തിലുള്ള പെരുങ്ങുഴിയിൽ ഇന്ന് മുതൽ വളർത്തുപക്ഷികളെ കൊന്നൊടുക്കും. പ്രദേശത്തെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെയാണ് കൊല്ലാൻ തീരുമാനിച്ചത്. രാവിലെ മുതൽ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെ എട്ടു സംഘങ്ങളെയാണ് പക്ഷികളെ കൊല്ലാൻ നിയോഗിച്ചിട്ടുള്ളത്.പി.പി.ഇ. കിറ്റുൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ചാണ് വളർത്തുപക്ഷികളെ കൊല്ലുന്നത്. പെരുങ്ങുഴി ജങ്ഷന് സമീപം പ്രവർത്തിക്കുന്ന കേരള ഗ്രാമീൺ ഫാം (കെ.ജി.എഫ്.) എന്ന ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കോഴിയും താറാവുമുൾപ്പെടെ മുന്നൂറോളം പക്ഷികൾ കഴിഞ്ഞമാസം ഇവിടെ രോഗം ബാധിച്ച് ചത്തിരുന്നു. തുടർന്ന് സാമ്പിളുകൾ പാലോട് സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസിലും ഭോപ്പാലിലെ ദേശീയ മൃഗരോഗ നിർണയകേന്ദ്രത്തിലും അയച്ച് പരിശോധന നടത്തിയിരുന്നു. തുടർന്നാണ് എച്ച്.5.എൻ.1 എന്ന രോഗമാണെന്ന് സ്ഥിരീകരിച്ചത്.
