ദേശീയ സിദ്ധ ദിനാചരണത്തിനു തുടക്കമായി

IMG_20230109_223838_(1200_x_628_pixel)

 

തിരുവനന്തപുരം:ആറാമത് ദേശീയ സിദ്ധാദിനാചരണത്തിനു തുടക്കമായി. ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് നിര്‍വഹിച്ചു. ഭക്ഷ്യ സുരക്ഷ പ്രദാന ചര്‍ച്ചയാകുന്ന കാലഘട്ടത്തില്‍ സിദ്ധപോലുള്ള ചികിത്സാ രീതികള്‍ പ്രസക്തമാണെന്നും മന്ത്രി പറഞ്ഞു. ഭക്ഷണമാണ് ഔഷധം എന്നതാണ് സിദ്ധയുടെ അടിസ്ഥാനം. ചികിത്സയേക്കാള്‍ രോഗം വരാതെ നോക്കുക എന്നതാണ് പ്രധാനം. രോഗപ്രതിരോധ ശേഷിയുള്ള ജനതയെ സൃഷ്ടിക്കുക എന്നത് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തന ലക്ഷ്യമാണെന്നും മന്ത്രി വ്യക്തമാക്കി. ജീവിത ശൈലീരോഗങ്ങള്‍ വര്‍ധിക്കുന്ന കാലഘട്ടത്തില്‍ ആഹാര ശീലങ്ങള്‍ മാറേണ്ടതുണ്ട്. സിദ്ധയടക്കമുള്ള ആയുഷ് ചികിത്സാ രീതികള്‍ക്ക് ഇക്കാര്യത്തില്‍ ഫലപ്രദമായ പങ്കുവഹിക്കാനാകുമെന്നും ഇതു തിരിച്ചറിഞ്ഞുകൊണ്ട് ആയുഷ് വിഭാഗത്തിനു വലിയ പ്രധാന്യം നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.

 

വി.കെ. പ്രശാന്ത് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായി. പത്മശ്രീ പുരസ്‌കാര ജേതാവ് ലക്ഷ്മിക്കുട്ടിയമ്മയെ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് പൊന്നാടയണിയിച്ചും ഫലകം നല്‍കിയും ആദരിച്ചു. സിദ്ധ ദിനാചരണത്തിന്റെ ഭാഗമായുള്ള തനത് ഭക്ഷ്യമേളയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഔഷധി ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്ജിന് പുവരശ് അടയും ചെമ്പരത്തിച്ചായയും നല്‍കിക്കൊണ്ടാണ് മന്ത്രി ഭക്ഷ്യമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടര്‍ കെ.എസ് പ്രീയ, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, മധുപാല്‍, ഡോ എ.കനകരാജന്‍, ഡോ ഹരികൃഷ്ണന്‍ തിരുമംഗലത്ത്, ഡോ എം.എന്‍. വിജയാംബിക, ഡോ കെ.ബെറ്റി, ഡോ ആര്‍.ജയനാരായണന്‍, ഡോ എ.സ്മിത, ഡോ സജി.പി.ആര്‍ തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. ആരോഗ്യകരമായ ജീവിതത്തിന് സിദ്ധ ഭക്ഷണ രീതികളും പോഷകാഹാരവും എന്ന വിഷയത്തില്‍ സെമിനാറോടെയാണ് ദിനാചരണ പരിപാടികള്‍ക്ക് തുടക്കമായത്.

 

ഉദ്ഘാടനത്തിനു ശേഷം വൈകിട്ട് അഞ്ചു മുതല്‍ ഏഴ് വരെ ആഹാരമാണ് ഔഷധം എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടന്നു. തുടര്‍ന്ന് നേമം അഗസ്ത്യം കളരി അവതരിപ്പിക്കുന്ന കളരിപ്പയറ്റ് ഷോ അരങ്ങേറി. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് ‘സ്ത്രീ രോഗങ്ങള്‍ – ഭക്ഷണം ‘ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. വൈകിട്ട് അഞ്ചു മുതല്‍ ഏഴുവരെ നാഡീ രോഗ നിര്‍ണയം, പ്രായോഗിക വശങ്ങള്‍ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചിട്ടുണ്ട്. ദിനാചരണത്തിന്റെ ഭാഗമായി ഈ മാസം 13 വരെ രാവിലെ ആറു മുതല്‍ 7.30 വരെ പൊതു ജനങ്ങള്‍ക്കായി ഓപ്പണ്‍ യോഗ പരിശീലനവും സംഘടിപ്പിച്ചിട്ടുണ്ട്. കവടിയാര്‍ പാര്‍ക്കിന് സമീപവും തിരുവനന്തപുരം മ്യൂസിയം ക്യാമ്പസിലുമാവും യോഗ പരിശീലനം നടക്കുക. ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം ജനുവരി 13ന് വൈകിട്ട് മൂന്നു മണിക്ക് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!