വീരണകാവ്:നൂറുവര്‍ഷം പൂര്‍ത്തിയാക്കിയ വീരണകാവ് സര്‍വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദിയാഘോഷ പ്രഖ്യാപനവും കോര്‍ ബാങ്കിംഗ് സംവിധാനത്തിന്റെ ഉദ്ഘാടനവും ഐ.ബി. സതീഷ് എം.എല്‍.എ നിര്‍വഹിച്ചു. ജി.സ്റ്റീഫന്‍ എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷനായി. ശതാബ്ദിയുടെ ഭാഗമായി ഒരു വര്‍ഷം നീളുന്ന വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കുടിശിക നിവാരണത്തിനും, നിക്ഷേപ സമാഹരണത്തിനുമുള്ള തീവ്രയജ്ഞ പരിപാടികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളെ സമഗ്രമായി പ്രതിപാദിക്കുന്ന സെമിനാറുകളും നടത്തും. ആഘോഷ പരിപാടികളോടനുബന്ധിച്ച് നടന്ന കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. മുന്‍ ബാങ്ക് പ്രസിഡന്റുമാരെയും, മുന്‍ ഭരണ സമിതി അംഗങ്ങളെയും ആദരിച്ചു. ആദ്യ ശതാബ്ദി നിക്ഷേപ സമാഹരണം ജോയിന്റ് രജിസ്ട്രാര്‍ ഇ.നിസാമുദീന്‍ സ്വീകരിച്ചു.