പാലോട് : നാട്ടിലിറങ്ങിയ കാട്ടുപോത്ത് കിണറ്റിൽ വീണു. പാലോട് കൊല്ലായിൽ സെറ്റിൽമെൻറിൽ താമസിക്കുന്ന വാസന്തിയുടെ കിണറ്റിലാണ് വ്യാഴാഴ്ച പുലർച്ചെ കാട്ടു പോത്ത് വീണത്. പ്രദേശവാസിയായ സ്ത്രീയാണ് കിണറ്റിൽനിന്ന് ശബ്ദംകേട്ട് നോക്കിയപ്പോൾ കാട്ടുപോത്തിനെ കണ്ടത്. വിവരം നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഏറെ കഷ്ടപ്പെട്ടാണ് വാഹനവും കടന്നുചെല്ലാത്ത സ്ഥലത്ത് ജെ.സി.ബി. എത്തിച്ചത്. തുടർന്ന് കിണറിന്റെ ഒരുഭാഗം ജെ.സി.ബി. ഉപയോഗിച്ച് ഇടിച്ചുമാറ്റി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കാട്ടുപോത്തിനെ വനത്തിലേക്ക് അയച്ചത്.