നെയ്യാറ്റിൻകര :ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ പറ്റിച്ച് ഭൂമിയും സ്വർണവും രണ്ടു ലക്ഷം രൂപയുടമക്കം 40 ലക്ഷത്തോളം രൂപയുടെ സമ്പാദ്യം തട്ടിയെടുത്തെന്ന സംഭവത്തിൽ, നെയ്യാറ്റിൻകര നഗരസഭയിലെ സിപിഎം കൗൺസിലർക്കെതിരെ കേസ്. നഗരസഭയുടെ തവരവിള വാർഡ് കൗൺസിലർ, മരുതത്തൂർ ചായ്ക്കോട്ടുകോണം മഠത്തുവിള വീട്ടിൽ സുജിൻ (35), ഭാര്യ ഗീതു (28) എന്നിവർ ചേർന്നു 12.5 സെന്റ് ഭൂമിയും 17 പവൻ സ്വർണവും 2 ലക്ഷം രൂപയും പലപ്പോഴായി തട്ടിയെടുത്തുവെന്നാണു കേസ്. രക്ഷിതാക്കളുടെയും സഹോദരങ്ങളുടെയും മരണത്തെ തുടർന്ന് നെയ്യാറ്റിൻകര തവരവിളയിൽ ഒറ്റയ്ക്കു താമസിക്കുന്ന അവിവാഹിതയായ ബേബിയുടെ (78) സ്വത്തുക്കളാണു തട്ടിയെടുത്തതെന്നു പൊലീസ് പറഞ്ഞു. കോവിഡ് കാലത്താണ് സംഭവം. സുജിൻ പ്രതിനിധീകരിക്കുന്ന വാർഡിലെ അംഗമായ ബേബിക്ക്, ലോക്ഡൗൺ സമയത്ത് സുജിൻ ഭക്ഷണം എത്തിച്ചിരുന്നു. പെട്ടെന്ന് അവരുമായി അടുക്കുകയും കൗൺസിലറും കുടുംബവും ബേബിയുടെ വീട്ടിൽ 2021 ഫെബ്രുവരി മുതൽ താമസമാക്കുകയും ചെയ്തു. ആ കാലയളവിലാണ് 17 പവൻ സ്വർണം കവർന്നതെന്നു പൊലീസ് അറിയിച്ചു.പ്രതികൾ ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിട്ടുണ്ട്.