തിരുവനന്തപുരം: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ബാലരാമപുരം വെടിവെച്ചാൻ കോവിൽ അയണിമൂട് സ്വദേശിനിയായ 24 കാരിയാണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആണ് സംഭവം. വീടിൻ്റെ അടുക്കളയിൽ വെച്ച് യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് വീട്ടുകാർ കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് ഉടൻ അത്യാഹിത സന്ദേശം മലയിൻകീഴ് താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് രാജേഷ് കുമാർ ടി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ആരോമൽ സി.എസ് എന്നിവർ സ്ഥലത്തെത്തി. ഉടൻ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ആരോമൽ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. തുടർന്ന് ഇരുവരെയും ആംബുലൻസ് പൈലറ്റ് രാജേഷ് കുമാർ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.