തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് (15ന് ) നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ 800 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് ശക്തമായ സുരക്ഷ ഒരുക്കുന്നത്.
13 ഡിവിഷനുകളായി തിരിച്ചാണ് സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ ഡിവിഷൻറെയും ചുമതല അസിസ്റ്റന്റ് കമ്മീഷണർമാർക്കും, സി.ഐ.മാർക്കുമായിരിക്കും. 10 ഡി.വൈ.എസ്.പിമാരുടേയും 17 സി.ഐമാരുടേയും 63 എസ്.ഐമാരുടേയും നേതൃത്വത്തിലാണ് സ്റ്റേഡിയത്തും പരിസരങ്ങളിലുമായി 800 മുതൽ 6300 പോലീസ് വിന്യസിച്ചിരിക്കുന്നത്.
തിരുവനന്തപുരം സിറ്റി പോലീസിന് പുറമെ ആംഡ് പോലീസ് ബറ്റാലിയനുകളിൽ നിന്നുളള പോലീസ് ഉദ്യോഗസ്ഥരും, സ്റ്റേറ്റ് പോലീസ് കമാൻഡോ സംഘം, ബോംബ് സ്ക്വാഡ് എന്നീ വിഭാഗങ്ങളും സുരക്ഷാ ഡ്യൂട്ടിയുടെ ഭാഗമായി ഉണ്ടാകും. കൂടാതെ മഫ്‌തി പോലീസ് സംഘത്തേയും സ്റ്റേഡിയത്തിന് അകത്തും പുറത്തും നിയോഗിച്ചിട്ടുണ്ട്. അതോടൊപ്പം ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ക്രിക്കറ്റ് താരങ്ങൾ താമസിക്കുന്ന ഗ്രാൻഡ് ഹയാത്തും, താജ് വിവാന്തയും മുതൽ മത്സരം നടക്കുന്ന സ്റ്റേഡിയം വരെയുളള പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് 10 സ്പെഷ്യൽ സ്ട്രൈക്കർ ഫോഴ്സുകളും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ക്രിക്കറ്റ് താരങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്.
രാവിലെ 11 മുതൽ മാത്രമേ കാണികൾക്ക് സ്റ്റേഡിയത്തിനുളളിൽ പ്രവേശനം അനുവദിക്കുകയുളളു. മത്സരം കാണാൻ വരുന്നവർ പാസ്സിനോടൊപ്പം തിരിച്ചറിയൽ കാർഡും കരുതേണ്ടതാണ്. പ്ലാസ്റ്റിക് കുപ്പി, മദ്യക്കുപ്പി, വടി, കൊടിതോരണങ്ങൾ, കുട, കറുത്ത കൊടി, എറിയാൻ പറ്റുന്നതായ സാധനങ്ങൾ, പടക്കം, ബീഡി,സിഗരറ്റ് തീപ്പട്ടി തുടങ്ങിയ സാധനങ്ങൾ സ്റ്റേഡിയത്തിനുളളിൽ കൊണ്ടു കയറുവാൻ അനുവദിക്കുന്നതല്ല. കളി കാണാൻ വരുന്നവർക്ക് മൊബൈൽ ഫോൺ മാത്രമെ അകത്തേയ്ക്ക് കൊണ്ട് പോകാൻ അനുവദിക്കുകയുളളു. മദ്യപിച്ചോ മറ്റ് ലഹരി ഉപയോഗിച്ചോ എത്തുന്നവരെ ഒരു കാരണവശാലും സ്റ്റേഡിയത്തിനുളളിൽ പ്രവേശിപ്പിക്കുന്നതല്ല. കൂടാതെ, ഭക്ഷണസാധനങ്ങളും വെളളവും പുറത്ത് നിന്നും കൊണ്ടു വരാൻ അനുവദിക്കുന്നതല്ല. ഭക്ഷണസാധനങ്ങൾ കാണികളുടെ ഇരിപ്പിടത്തിന് അടുത്തായി തന്നെ ലഭ്യമാകുന്നതാണ്.