തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ വീട്ടുപടിക്കൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും ഇതിന് വേണ്ടിയാണ് നൂതനമായ ഫീഡർ സർവ്വീസുകൾ കെഎസ്ആർടിസി ആരംഭിച്ചതെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. നഗരത്തിലെ ഇടറോഡുകളിൽ താമസിക്കുന്നവർക്കും റസിഡൻസ് ഏര്യകളിൽ ഉള്ളവർക്കും കൃത്യമായ ഇടവേളകളിൽ കുറഞ്ഞ ചെലവിൽ ഫസ്റ്റ് മൈൽ, ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പ് വരുത്താൻ കഴിയാത്തതിനാൽ സ്റ്റേജ് കാര്യേജ് സർവ്വീസ് നടത്തുന്ന ബസുകളിൽ യാത്രക്കാർ കുറയുകയും ഇരുചക്ര വാഹനമടക്കമുള്ള സ്വകാര്യ വാഹനങ്ങൾ ക്രമാതീതമായി പെരുകുകയും ചെയ്യുന്ന പ്രവണത കൂടി വരുന്ന സാഹചര്യത്തിൽ, കോവിഡ് കാലഘട്ടത്തിന് ശേഷം സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ ഉണ്ടായ അമിതമായ പെരുപ്പം റോഡുകളിലെ ഗതാഗതക്കുരുക്കും അപകടങ്ങളും വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് ഒരു പരിഹാരമായാണ് കുറഞ്ഞ ചെലവിൽ ഫസ്റ്റ് മൈൽ, ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കുന്ന ഫീഡർ സർവ്വീസുകൾ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരത്തിൽ നടപ്പിലാക്കി വിജയിച്ച സിറ്റി സർക്കുലർ സർവ്വീസിന് അനുബന്ധമായാണ് സംസ്ഥാനത്തെ ആദ്യത്തെ കെ.എസ്.ആർ.ടി.സി ഫീഡർ പേരൂർക്കടയിൽ ആരംഭിച്ചത്.
സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നതിനേക്കാൾ ലാഭകരമാണ് പൊതുഗതാഗത സംവിധാനത്തിലെ യാത്ര. ഡീസൽ വിലവർദ്ധനവ്, സ്പെയർ പാർട്സുകളുടെ വില വർദ്ധനവ് എന്നിങ്ങനെ പ്രതികൂലമായ സമയത്ത് പോലും യാത്രക്കാർക്ക് ബുദ്ധിമുട്ട് വരുത്താതെ സർവ്വീസ് നടത്താനാണ് സർക്കാരും കെഎസ്ആർടിസിയും ശ്രമിക്കുന്നത്. പൊതുഗതാഗത സംവിധാനമില്ലാത്ത അവസ്ഥ ചിന്തിക്കാനാകുമോ എന്നും മന്ത്രി ചോദിച്ചു. 24 മണിയ്ക്കൂറും പൊതുജനങ്ങൾക്കായി സർവ്വീസ് നടത്തുക, സൗജന്യ പാസുകൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എല്ലാം പൊതുഗതാഗതത്തിന്റെ ഭാഗമായാണ് നടപ്പാക്കുന്നത്. അങ്ങനെയൊരു സംവിധാനമില്ലായാതായാൽ സ്വകാര്യമേഖയിൽ അമിത നിരക്ക് ഈടാക്കുന്ന അവസ്ഥ വരും. അത് കൊണ്ട് കേരളത്തിലെ ജനങ്ങൾ കെഎസ്ആർടിസിയെ വളർത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. കെഎസ്ആർടിസിക്ക് പുതിയതായി ഇലക്ട്രിക് ബസുകൾ വരുമ്പോൾ ഫീഡർ സർവ്വീസുകളിൽ കൂടെ ഇലക്ട്രിക് ബസുകൾ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
വട്ടിയൂർക്കാവ് എംഎൽഎ അഡ്വ വി.കെ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സിഎംഡി ബിജു പ്രഭാകർ ഐഎഎസ് ഫീഡർ സർവ്വീസ് പദ്ധതി വിശദീകരിച്ചു. ട്രിഡ ചെയർമാൻ കെ.സി വിക്രമൻ മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ കോർപ്പേറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജമീല ശ്രീധർ, കൗൺസിലർമാരായ നന്ദ ഭാർഗവ്, ഐ.എം പാർവ്വതി, ജയചന്ദ്രൻനായർ, ദേവിമ പി.എസ്, റസിഡൻസ് അസോസിയേഷൻ പ്രതിനിധികളായ സുധാകരൻ നായർ, സുധാകരക്കുറുപ്പ്, ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു. ചീഫ് ട്രാഫിക് ഓഫീസർ ജേക്കബ് സാം ലോപ്പസ് സ്വാഗതവും, മഠത്തുവിളാകം റസിഡൻസ് അസോസിയേഷൻ പ്രതിനിധി കെ.വി ബാബു നന്ദിയും പറഞ്ഞു.
ഇത്തരത്തിൽ ഫീഡർ സർവ്വിസുമായി സഹകരിക്കാൻ താൽപ്പര്യമുള്ള റസിഡൻസ് അസോസിയേഷനുകളുമായി സഹകരിച്ച് ഈ പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതാണ്. ഫീഡർ സർവ്വീസുമായി സഹകരിക്കാൻ ആഗ്രഹിക്കുന്ന റസിഡൻസ് അസോസിയേഷനുകൾക്ക് ഫീഡർ സർവ്വീസുകളുടെ നോഡൽ ആഫീസറായ തിരുവനന്തപുരം സിറ്റി ക്ലസ്റ്റർ ഓഫീസറുമായി ബന്ധപ്പെടാവുന്നതാണ് – ഈ-മെയിൽ cty@kerala.gov.in (cty@kerala[dot]gov[dot]in)