കിളിമാനൂര്‍ :കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ നിര്‍വഹണ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. കാലത്തിനു മുന്‍പേ സഞ്ചരിക്കുന്ന പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മുഴുവന്‍ ജനങ്ങളെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ വേണ്ടിയുള്ളതാണ് പദ്ധതി. ഒ. എസ്. അംബിക എം.എല്‍.എ അധ്യക്ഷത വഹിച്ചു.
സ്മാര്‍ട്ട് ഫോണ്‍ കൈവശമുള്ള 14 വയസ്സു മുതലുള്ള എല്ലാവരും പദ്ധതിയുടെ ഭാഗമാകും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനും അതുവഴി പരസഹായമില്ലാതെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പൊതുജനങ്ങളെ പ്രാപ്തരാക്കുകയുമാണ് ലക്ഷ്യം. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എട്ട് ഗ്രാമപഞ്ചായത്തുകളില്‍ നിന്നും 136 വാര്‍ഡുകളിലെ ജനങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മാര്‍ച്ച് രണ്ടാം വാരത്തോടെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബ്ലോക്ക് പഞ്ചായത്താവുകയാണ് ലക്ഷ്യം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. പി. മുരളി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പടെ നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു.