തിരുവനന്തപുരം: ഗുണ്ടാ – റിയൽ എസ്റ്റേറ്റ് സംഘങ്ങളുമായി ബന്ധമുണ്ടന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. മൂന്ന് ഇൻസ്പെക്ടർമാരെയും ഒരു എസ്ഐയെയും സസ്പെൻഡ് ചെയ്തു. മംഗലപുരം ഇൻസ്പെകടർ സജേഷ്, പേട്ട ഇൻസ്പെക്ടർ റിയാസ് രാജ, ചേരന്നല്ലൂർ ഇൻസ്പെക്ടർ വിപിൻ കുമാർ, തിരുവല്ലം എസ്ഐ സതീഷ്കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതോടെ സസ്പെൻഷനിൽ ആയവരുടെ എണ്ണം അഞ്ചായി.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്കുമാറാണ് ആരോപണ വിധേയരെ സസ്പെൻഡ് ചെയ്തത്. നേരത്തെ, ഗുണ്ടാ – റിയൽ എസ്റ്റേറ്റ് സംഘങ്ങളുമായി ബന്ധമുണ്ടന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ റെയിൽവെ പൊലീസ് ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡിനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. തിരുവനന്തപുരത്തെ ഗുണ്ടാ ബന്ധം സംബന്ധിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ. കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വരുമെന്നാണ് വിവരം.