ആനാട് സുനിത കൊലക്കേസ്; ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും 60,000 രൂപ പിഴയും

IMG_20230113_184948_(1200_x_628_pixel)

 

തിരുവനന്തപുരം : ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനി ജീനഭവനില്‍ സുനിതയെ മണ്ണെണ്ണ ഒഴിച്ച് ചുട്ടു കൊന്ന് സെപ്റ്റിക് ടാങ്കില്‍ തളളിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് ജോയ് എന്ന ജോയ് ആന്റണിയെ കോടതി ജീവപര്യന്തം കഠിന തടവിനും 60,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം അധിക തടവ് അനുഭവിയക്കണം. ജീവപര്യന്ത തടവിന് പുറമേ തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.ആറാം അഢീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് പ്രതിയെ ശിക്ഷിച്ചത്.

 

ഒരു ജീവിതം ലഭിയ്ക്കുമെന്ന പ്രതീക്ഷയില്‍ വിശ്വസിച്ച് കൂടെ ഇറങ്ങിവന്ന സുനിതയെ നിഷ്ഠൂരമായി കൊലക്കെടുത്തി സെപ്റ്റിക് ടാങ്കില്‍ തളളുകയാണ് പ്രതിചെയ്തത്. തന്റെ രണ്ട് കുട്ടികളുടെ അമ്മയാണെന്ന പരിഗണന പോലും നല്‍കാതെയാണ് പ്രതി സുനിതയെ ജീവനോടെ ചുട്ടെരിച്ചത്. ഈ പ്രതി സമൂഹത്തില്‍ ജീവിയക്കാന്‍ അര്‍ഹത ഇല്ലാത്തയാളെന്നും നീതിയ്ക്കായുളള സമൂഹത്തിന്റെ നിലവിളിയാണ് താന്‍ കോടതിയോട് ആവശ്യപ്പെടുന്നതെന്നും ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ എം. സലാഹുദ്ദീന്‍ വാദിച്ചു. സുപ്രീം കോടതി വിധിന്യായങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിയ്ക്ക് മരണ ശിക്ഷ നല്‍കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി ഫലത്തില്‍ അംഗീകരിച്ചില്ല.

 

2013 ആഗസ്റ്റ് മൂന്നിനാണ് പ്രതി തന്റെ ഭാര്യയെ മണ്‍വെട്ടി കൈ കൊണ്ട് തലയക്ക് അടിച്ച് വീഴ്ത്തിയ ശേഷം ജീവനോടെ ചുട്ടെരിച്ച് മൂന്ന് കഷ്ണങ്ങളാക്കി മുറിച്ച മൃതദേഹം മൂന്ന് ദിവസം സ്വന്തം കിടപ്പുമുറിയില്‍ സൂക്ഷിച്ച ശേഷം സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ചത്. ഏഴും അഞ്ചും വയസുളള പെണ്‍കുട്ടികളുടെ മുന്നിലിട്ടാണ് പ്രതി സുനിതയെ തലയക്ക് അടിച്ചു വീഴ്ത്തി ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചത്. ഇതിനിടെ പ്രതിയുടെ മാതാവ് കുട്ടികളെ അടുത്ത വീട്ടിലേയ്ക്ക് കൂട്ടി കൊണ്ട് പോയി. ഇതിനുശേഷമാണ് പ്രതി സുനിതയെ ചുട്ടെരിച്ചതും മൃതദേഹം കഷ്ണങ്ങളാക്കിയതും. അടുത്ത ദിവസം കുട്ടികളോട് അമ്മ മറ്റൊരാളോടൊപ്പം ഒളിച്ചോടിയെന്ന് പ്രതി പറഞ്ഞ് വിശ്വസിപ്പിച്ചു. നിരന്തരം പ്രതി കുട്ടികളെയും ഉപദ്രവിച്ചിരുന്നത് കൊണ്ടാണ് സുനിത വീട്ട് ജോലിയക്ക് പോയി കിട്ടുന്ന പണം ഉപയോഗിച്ച് കുട്ടികള ഒരു സ്വകാര്യ സ്‌കൂളിന്റെ കോണ്‍വെന്റില്‍ നിര്‍ത്തി പഠിപ്പിച്ചിരുന്നത്. എല്ലാ വെളളിയാഴ്ചയും കുട്ടികളെ വിളിച്ചു കൊണ്ട് വന്ന ശേഷം തിങ്കളാഴ്ച സുനിത തന്നെ കോണ്‍വെന്റില്‍ കൊണ്ട് വിടുമായിരുന്നു. സുനിത ഇടയ്ക്കിടെ സ്‌കൂളിലെത്തി അധ്യാപകരെ കണ്ട് കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളും അന്വേഷിച്ചിരുന്നു.

സുനിത കൊല്ലപ്പെട്ട ശേഷം സുനിതയെ കാണാതിരുന്ന മദര്‍ സുപ്പീരിയര്‍ കുട്ടികളോട് വിവരം അന്വേഷിച്ചപ്പോള്‍ അമ്മ മറ്റൊരാളോടൊപ്പം പോയെന്ന് അച്ഛന്‍ പറഞ്ഞതായി കുട്ടികള്‍ മദറിനോട് പറഞ്ഞു. ഇതന്വേഷിയ്ക്കാന്‍ സുനിതയുടെ വീട്ടിലെത്തിയ മദറിനെ വീട്ടില്‍ കയറ്റാന്‍ ജോയ് തയ്യാറായില്ല. സംശയം തോന്നിയ മദര്‍ വീടിന്റെ പരിസരം നിരീക്ഷിച്ചപ്പോള്‍ സെപ്റ്റിക് ടാങ്കിന് സമീപം പോകുന്നതിനെ ജോയ് ശക്തമായി തടഞ്ഞിരുന്നെന്ന് മദര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

ബന്ധുക്കളോ സ്വന്തക്കാരോ ഇല്ലാതിരുന്ന സുനിതയ്ക്ക് വേണ്ടി പരാതി നല്‍കിയത് പോലും അന്നത്തെ ആനാട് വാര്‍ഡ് മെമ്പര്‍ ആയിരുന്ന ഷിജുകുമാറാണ്. ജോയ് തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നതിനെ സംബന്ധിച്ച് സുനിത തന്നോട് പരാതി പറഞ്ഞിട്ടുളളതായും ഇതിനെ സംബന്ധിച്ച് താന്‍ ജോയിയെ താക്കീത് ചെയ്തിരുന്നതായും മെമ്പര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. സ്ത്രീകളടക്കമുളള നാട്ടുകാരാണ് സുനിയക്ക് വേണ്ടി മൊഴി നല്‍കാന്‍ കോടതിയില്‍ എത്തിയത്. പലപ്പോഴും പ്രതിഭാഗത്തിന്റെ ചോദ്യങ്ങള്‍ക്ക് ഏറെ വൈകാരികമായാണ് ഗ്രാമവാസികളായ സ്ത്രീകള്‍ പ്രതികരിച്ചിരുന്നത്.

 

24 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.35 രേഖകളും 23 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, അഡ്വ.വിനു മുരളി, അഡ്വ. തുഷാര രാജേഷ്, എന്നിവർ ഹാജരായി. നെടുമങ്ങാട് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന എസ്. സുരേഷ് കുമാറാണ് കോടതിയിൽ കുറ്റപത്രം ഹാജരാക്കിയത്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!