നെയ്യാറ്റിൻകര : തവരവിള സ്വദേശിനിയായ വയോധികയുടെ സ്ഥലവും സ്വത്തും തട്ടിയെടുത്ത സംഭവത്തിൽ സി.പി.എം. കൗൺസിലർ സുജിന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയ്ക്ക് മുന്നിലെ പ്രതിഷേധ സമരം ശക്തമാകുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയെ ഘരാവോ ചെയ്യുകയും യുവമോർച്ച പ്രവർത്തകർ നഗരസഭാ മാർച്ച് സംഘടിപ്പിക്കുകയും ചെയ്തു. ബി.ജെ.പി. പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ സെക്രട്ടറി ആർ.മണികണ്ഠനെ ഉപരോധിച്ചു. പോലീസ് സ്ഥലത്തെത്തി കൗൺസിലർമാരെ അറസ്റ്റുചെയ്തു നീക്കി.
യൂത്ത് കോൺഗ്രസ് നെയ്യാറ്റിൻകര, പെരുമ്പഴുതൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സുജിന്റെ രാജി ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിയെ ഘരാവോ ചെയ്തു. കൗൺസിലർ സുജിനെതിരേ വിജിലൻസ് അന്വേഷണം നടത്തണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. സമരക്കാരെ പോലീസെത്തി അറസ്റ്റുചെയ്തു നീക്കി.യുവമോർച്ച നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സുജിന്റെ രാജി ആവശ്യപ്പെട്ട് പ്രവർത്തകർ നഗരസഭാ മാർച്ച് നടത്തി. പ്രവർത്തകർ സുജിന്റെ കോലം നഗരസഭയ്ക്കു മുന്നിലിട്ട് കത്തിച്ചു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലാൽകൃഷ്ണ അധ്യക്ഷനായി.