തിരുവനന്തപുരം: ഓൺലൈൻ ഹണിട്രാപ് വഴി യുവാവിന്റെ 12 ലക്ഷം രൂപ തട്ടിയെന്ന കേസിൽ നെയ്യാറ്റിൻകര പൂവാർ ഉച്ചക്കട ശ്രീജഭവൻ എസ്.വിഷ്ണുവിനെ (25) സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെന്ന പേരിൽ ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി കടുത്തുരുത്തി സ്വദേശിയായ യുവാവുമായി സൗഹൃദം സ്ഥാപിച്ചശേഷം യുവാവിന്റെ നഗ്ന ഫോട്ടോ കൈക്കലാക്കി ഭീഷണിപ്പെടുത്തി.യുവാവിന്റെ നഗ്ന ഫോട്ടോകൾ കുടുംബത്തിനും വീട്ടുകാർക്കും അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തി 2018 മുതൽ പണം തട്ടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം 15 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെ യുവാവ് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിനു പരാതി നൽകി. പൊലീസിന്റെ നിർദേശപ്രകാരം, 20 ലക്ഷം രൂപ നൽകാമെന്നു യുവാവ് സമ്മതിച്ചു. പണം വാങ്ങാൻ തിരുവനന്തപുരം കിളിമാനൂർ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമെത്തിയ വിഷ്ണുവിനെ പിന്നീടു പിടികൂടി.