‘ഉദ്യാന ശലഭം’: പെരിങ്കടവിള ബ്ലോക്കില്‍ ഭിന്നശേഷിക്കുട്ടികള്‍ക്കായി മാതൃകാ പദ്ധതി

IMG_20230121_164120_(1200_x_628_pixel)

പെരിങ്കടവിള:പേരുപോലെ തന്നെ വൈവിധ്യം നിറഞ്ഞതാണ് പെരുങ്കടവിള ബ്ലോക്കിലെ ‘ഉദ്യാന ശലഭം’പദ്ധതി. ചികിത്സയ്ക്കും മരുന്നിനുമൊപ്പം ഉദ്യാന പരിപാലനത്തിലൂടെ ഭിന്നശേഷിക്കുട്ടികളുടെ നില മെച്ചപ്പെടുത്താനായി ഹോര്‍ട്ടിക്കള്‍ച്ചര്‍ തെറാപ്പിയെ പ്രയോജനപ്പെടുത്തുന്നതാണ് പദ്ധതി. മൂന്ന് ഘട്ടങ്ങളിലായാണ് കുട്ടികള്‍ക്ക് ഉദ്യാനപരിപാലനത്തിലുള്ള പരിശീലനം നല്‍കുന്നത്. ഏത് തരത്തിലുള്ള പരിശീലനമാണ് വേണ്ടതെന്ന് കണ്ടെത്തുകയാണ് ആദ്യഘട്ടം. ഇതിനായി കുട്ടികള്‍ക്ക് വേണ്ടി വിദഗ്ദ്ധരുടെ ക്ലാസുകള്‍ സംഘടിപ്പിക്കും. ഏതൊക്കെ മേഖലയിലാണ് കുട്ടികളുടെ കഴിവുകളെന്ന് കണ്ടെത്താനും അവരുടെ പോരായ്മകള്‍ തിരിച്ചറിയാനുമാണ് ഇത്തരം ക്ലാസുകള്‍ ഒരുക്കുന്നത്. ഇതിലൂടെ കുട്ടികളുടെ സ്വഭാവത്തിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കും.

 

ചെടി നടാനും അവ പരിപാലിക്കാനും ക്രാഫ്റ്റ് വര്‍ക്കുകള്‍ ചെയ്യാനും ചെടിയില്‍ നിന്നും ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ആഭരണങ്ങള്‍ നിര്‍മ്മിക്കാനും തുടങ്ങി നൂറോളം പരിശീലനം നല്‍കുകയാണ് രണ്ടാം ഘട്ടം. ഓരോ കുട്ടിക്കും എന്ത് ജോലി ചെയ്യാനാണ് താല്പര്യം എന്ന് കൂടി നോക്കിയാണ് പരിശീലനം നല്‍കുന്നത്. ഫിസിയോതെറാപ്പി, ഒക്കുപ്പേഷനല്‍ തെറാപ്പി, സൈകോളോജിക്കല്‍ അപ്പ്രോച്ച് തുടങ്ങി മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ആവശ്യമായ വിവിധ തരം ചികിത്സകളും ഇതിലൂടെ ലഭ്യമാകും. വ്യായാമം ചെയ്യാന്‍ ഇഷ്ടമില്ലാത്ത കുട്ടികള്‍ക്ക് ഉദ്യാന പരിപാലനത്തിലൂടെ വ്യായാമം ലഭിക്കുകയും മാനസിക ഉല്ലാസത്തിനു സഹായിക്കുകയും ചെയ്യും. പരിശീലനം ലഭിച്ച കുട്ടികള്‍ക്ക് ഒരു വരുമാന മാര്‍ഗമുണ്ടാക്കാനും ഇതിലൂടെ കഴിയുന്നു. ആഴ്ച്ചയില്‍ രണ്ട് ദിവസമാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.

 

പെരുങ്കടവിള ബ്ലോക്കിനു കീഴിലെ പെരുങ്കടവിള ബഡ്‌സ് സ്‌കൂളിലാണ് പൈലറ്റ് പദ്ധതി എന്ന നിലയില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉദ്യാന ശലഭം ആരംഭിച്ചത്. പദ്ധതി പൂര്‍ണ്ണ വിജയമായതോടെയാണ് ബ്ലോക്കിന് കീഴിലെ ആര്യങ്കോട്, കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തുകളിലെ ബഡ്‌സ് സ്‌കൂളുകളില്‍ കൂടി വ്യാപിപ്പിച്ചത്. നിലവില്‍ മൂന്ന് സ്‌കൂളുകളിലായി നൂറില്‍പ്പരം കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ പരിശീലനം നല്‍കുന്നത്. ബ്ലോക്കിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3,24,000 രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ബ്ലോക്കിന് കീഴിലെ ബാക്കി ഗ്രാമപഞ്ചായത്തുകളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!