അരുവിക്കര: വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ കുപ്രസിദ്ധ മോഷ്‌ടാവ് ജപ്പാന്‍ ജയന്‍ അറസ്റ്റില്‍. ജനുവരി 17ന് രാവിലെയുണ്ടായ സംഭവത്തില്‍ 8,65,000 രൂപയും 32 പവനുമാണ് ഇയാള്‍ കവര്‍ന്നത്. റൂറല്‍ എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.ജയ്ഹിന്ദ് ടിവിയിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥന്‍ മുരുഗന്‍റേയും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥ രാജി പിആറിന്‍റേയും വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിന് ശേഷം മതില്‍ ചാടിക്കടന്നുപോയ ജയനെ അയല്‍വാസിയായ സ്ത്രീ കണ്ടതാണ് പൊലീസ് അന്വേഷണത്തില്‍ നിര്‍ണായക തെളിവായത്. വീട്ടുകാര്‍ ജോലിക്കും കുട്ടി സ്‌കൂളിലും പോയ സമയത്തെത്തിയ ജയന്‍, വീടിന്‍റെ മുന്‍വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറുകയായിരുന്നു. തുടര്‍ന്ന്, ബെഡ്‌റൂമില്‍ പ്രവേശിച്ച് സ്വര്‍ണവും പണവും കവര്‍ന്നു. ഒരാള്‍ കൈയില്‍ ചാക്കുമായി മതില്‍ ചാടിക്കടന്ന് കാറില്‍ കടന്നുകളഞ്ഞുവെന്നാണ് അയല്‍വാസി പൊലീസിന് നല്‍കിയ മൊഴി.