അരുവിക്കര:പൊളിഞ്ഞു വീഴാറായ ടാർപ്പോളിൻ ഷീറ്റിന് കീഴിൽ പേടിച്ചരണ്ട് ഓരോ രാത്രിയും തള്ളി നീക്കിയിരുന്ന അരുവിക്കര ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനികളും സഹോദരങ്ങളുമായ അക്ഷയയ്ക്കും അപ്സരയ്ക്കും ഇനി ‘സ്വന്തം’ വീടിന്റെ സുരക്ഷയുണ്ടാകും. സ്കൂളിലെ തന്നെ വിദ്യാർഥികളായ പവനയ്ക്കും നയനയ്ക്കും വീടൊരുങ്ങിയിട്ടുണ്ട്. കുട്ടികളുടെ വീടുകളിലെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സ്കൂളിൽ രൂപീകരിച്ച സാന്ത്വനം പദ്ധതിയുടെ ഭാഗമായാണ് വിദ്യാർത്ഥിനികൾക്കായി രണ്ട് വീടുകൾ നിർമ്മിച്ചത്. വെള്ളൂർക്കോണത്തും വെമ്പന്നൂരിലും നിർമ്മാണം പൂർത്തീകരിച്ച വീടുകളുടെ കൈമാറ്റം ജി.സ്റ്റീഫൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് വീടിന്റെ താക്കോൽ എം. എൽ. എ. കൈമാറി. അബ്കാരി ക്ഷേമ നിധി ബോർഡ് ചെയർമാൻ കെ.എസ്. സുനിൽകുമാർ ഗൃഹോപകരണങ്ങളുടെ വിതരണം നടത്തി.
കുട്ടികൾക്ക് സുരക്ഷിത പാർപ്പിടം ഒരുക്കി മികച്ച പഠനാന്തരീക്ഷം വീടുകളിലും ഒരുക്കുകയാണ് സാന്ത്വനം പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി വെമ്പന്നൂരിലും, മൈലത്തും രണ്ട് വീടുകൾ നേരത്തെ നിർമ്മിച്ചു നൽകിയിരുന്നു. സ്കൂൾ പി.ടി.എക്ക് പുറമേ എസ്. എം. സി. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ, വിവിധ സന്നദ്ധ സംഘടനകളുടെയും സാമൂഹ്യ പ്രവർത്തകരുടേയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. പത്ത് ലക്ഷം രൂപയാണ് ഓരോ വീടിന്റെയും നിർമ്മാണത്തിനായി ചെലവഴിച്ചത്.