തിരുവനന്തപുരത്തിന് പ്രത്യേക തിരഞ്ഞെടുപ്പ് പുരസ്കാരം.

IMG_20230126_140829_(1200_x_628_pixel)

തിരുവനന്തപുരം:ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കേരള മുഖ്യതിരഞ്ഞെടുപ്പ് ഓഫീസും തിരുവനന്തപുരം ജില്ല തിരഞ്ഞെടുപ്പ് വിഭാഗവും സംയുക്തമായി ദേശീയ സമ്മതിദായക ദിനം ആചരിച്ചു. ജനാധിപത്യ ഭരണ സമ്പ്രദായം നിലനിർത്തുന്നതിന് തിരഞ്ഞെടുപ്പുകളിൽ എല്ലാ വോട്ടർമാരും പങ്കെടുക്കുന്നതിനും പൊതുജനങ്ങളിലും യുവജനങ്ങളിലും ജനാധിപത്യബോധം വളർത്തുന്നതിനും ആണ് ദേശീയ സമ്മതിദായകദിനം എല്ലാവർഷവും ജനുവരി 25ന് ആഘോഷിക്കുന്നത്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാനതല ആഘോഷങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുകയും ദേശീയ സമിതിദായക പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ മുഖ്യ അതിഥിയായിരുന്നു. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് സ്വാഗതവും സബ്ബ് കളക്ടർ അശ്വതി ശ്രീനിവാസ് കൃതജ്ഞതയും രേഖപ്പെടുത്തി. ‘നത്തിംഗ് ലൈക് വോട്ടിംഗ് ഐ വോട്ട് ഫോർ ഷുവർ‘ എന്നതാണ് ഇത്തവണത്തെ ദേശീയ സമ്മതിദായക ദിനത്തിൻറെ തീം.

പ്രസ്തുത ചടങ്ങിൽ 2023 – ലെ സംക്ഷിപ്ത വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ജില്ലകൾക്കും തിരുവനന്തപുരം ജില്ലയിലെ മികച്ച ബൂത്ത് ലെവൽ ഓഫീസർ, മികച്ച ലിറ്ററസി ക്ലബ്ബുകൾ എന്നിവയ്ക്ക് ഗവർണർ അവാർഡുകൾ സമ്മാനിച്ചു. പോളിംഗ് സ്റ്റേഷനുകൾ പുനക്രമീകരിക്കുക വഴി തെരഞ്ഞെടുപ്പ് ചിലവുകൾ ഗണ്യമായി കുറച്ചതിനും സംയുക്ത വോട്ടർ പട്ടികയുമായി ബന്ധപ്പെട്ടുള്ള അപേക്ഷകളും പരാതികളും മികച്ച രീതിയിൽ പരിഹരിക്കുയും ചെയ്തതിന് തിരുവനന്തപുരം ജില്ലയ്ക്കുള്ള സ്പെഷ്യൽ അവാർഡ് ജില്ലാ കളക്റ്റർ ജെറോമിക് ജോർജ് ഏറ്റുവാങ്ങി. അപേക്ഷകൾ തീർപ്പാക്കുന്നതിൽ തിരുവനന്തപുരം ജില്ല സംസ്ഥാനത്ത് ഒന്നാമത് ആയിരുന്നു. കൂടാതെ, തിരുവനന്തപുരം താലൂക്കിലെ ആറ് പോളിംഗ് സ്റ്റേഷനുകൾ പുന:ക്രമീകരിക്കുക വഴി കേരളത്തിലെ പോളിംഗ് സ്റ്റേഷനുകൾ പുനക്രമീകരിച്ച ഏക താലൂക്കായി തിരുവനന്തപുരം മാറി. വോട്ടർമാരെ ആധാർ കാർഡ് ബന്ധിപ്പിക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ തിരുവനന്തപുരം ജില്ലയിലെ ആകെ വോട്ടർമാരായ 2754830 പേരിൽ 1514924 പേരെ ആധാർ ബന്ധിപ്പിച്ച് 57.18% നേട്ടം കൈവരിക്കുകയും ചെയ്തു. ഇവ മുൻ നിർത്തിയാണ് തിരുവനന്തപുരം ജില്ലയ്ക്ക് സ്പെഷ്യൽ അവാർഡ് ലഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ മികച്ച BLO ആയി തിരഞ്ഞെടുക്കപ്പെട്ട വർക്കല താലൂക്കിലെ സതികുമാരിയും മികച്ച ഇലക്റ്ററൽ ലിറ്ററസി ക്ലാബ്ബുകളായി തിരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, നെടുമങ്ങാട് ഗവൺമെൻറ് കോളേജ് എന്നിവരും ഗവർണ്ണറിൽ നിന്നും അവാർഡുകൾ സ്വീകരിച്ചു.

വർണ്ണാഭമായചടങ്ങിൽ സ്വീപ് ഐക്കൺ ടിഫാനി ബ്രാർ, രജ്ഞു രജ്ഞിമ, പ്രശസ്ത ഗായിക നാഞ്ചിമമ്മ എന്നിവരെ ഗവർണർ ആദരിച്ചു. പ്രസ്തുത ചടങ്ങിൽ ആലപ്പുഴ ജില്ലാ ഭരണകൂടത്തിനുള്ള അവാർഡ് കളക്ടർ വി.ആർ. കൃഷ്ണ തേജയും സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പോസ്റ്റർ ഡിസൈൻ മത്സരത്തിലെ വിജയികളും ഷോർട്ട് ഫിലിം മത്സരത്തിലെ ജേതാക്കളും ഗവർണറിൽ നിന്ന് അവാർഡുകൾ ഏറ്റുവാങ്ങി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!