വർണ്ണാഭമായ ഘോഷയാത്രയോടെ നെടുമങ്ങാട് കൃഷി ദർശന് സമാപനം

IMG_20230128_185114_(1200_x_628_pixel)

നെടുമങ്ങാട്:വന്യമൃഗങ്ങളുടെ ശല്യം തടയാൻ അടുത്ത സാമ്പത്തിക വർഷം മുതൽ പ്രത്യേക സ്കീം നടപ്പിലാക്കുമെന്നും വന്യ മൃഗങ്ങളുടെ ശല്യം നേരിടാൻ നെടുമങ്ങാട് കാർഷിക ബ്ലോക്കിന് 40 ലക്ഷം രൂപ അനുവദിച്ചതായും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കാർഷികോത്പന്നങ്ങൾ സംഭരിച്ച വകയിൽ ഡിസംബർ 31 വരെ കർഷകർക്ക് നൽകാനുള്ള കുടിശ്ശികയിനത്തിൽ ഹോർടികോർപ്പിന് 4 കോടി 77 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. നെടുമങ്ങാട് കൃഷി ദർശൻ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നെടുമങ്ങാട് കാർഷിക ബ്ലോക്കിലെ കർഷകർ ഉത്പാദിപ്പിച്ച കാർഷിക ഉത്പന്നങ്ങൾ “നെടുമങ്ങാട് സമൃദ്ധി ” എന്ന ബ്രാൻഡിൽ കൃഷി വകുപ്പിൻ്റെ പിന്തുണയോടെ വിപണിയിൽ എത്തിക്കും. നെടുമങ്ങാട് മുൻസിപ്പാലിറ്റിയുടെ കൃഷി ഭവന് കീഴിൽ പുതിയ ഇക്കോഷോപ് തുടങ്ങും. കരകുളം കൃഷി ഭവന് കീഴിൽ വട്ടപ്പാറ സബ് സെന്ററും തുടങ്ങും. ഇതടക്കം ഏഴ് ഉത്തരവുകൾ കൃഷി ദർശൻ പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കിയ ‘ഞങ്ങളും കൃഷിയിലേക്ക് ‘ പദ്ധതിക്ക് ജനങ്ങളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. കൃഷിയിടങ്ങൾ നേരിട്ട് സന്ദർശിച്ചു കാര്യങ്ങൾ മനസിലാക്കി, കർഷകർ ഉന്നയിക്കുന്ന പരാതികൾക്ക് കാലതാമസമില്ലാതെ പരിഹാരം കാണാനാണ് കൃഷി ദർശൻ പരിപാടി ആസൂത്രണം ചെയ്തത്. ഇതിൻ്റെ ഭാഗമായി നെടുമങ്ങാട് കാർഷിക ബ്ലോക്കിൽ ആയിരത്തിലധികം കർഷകരെ നേരിട്ട് കാണാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും കഴിഞ്ഞു. നെടുമങ്ങാട് പ്രവർത്തിക്കുന്ന വേൾഡ് മാർക്കറ്റിന്റെ സമഗ്ര വികസനത്തിന്‌ ലോകബാങ്ക് സഹായത്തോടെ പദ്ധതി നടപ്പിലാക്കും. വേൾഡ് മാർക്കറ്റിന്റെ ഫലപ്രദമായ പ്രവർത്തനത്തിനും കർഷകർക്ക് കാലതാമസമില്ലാതെ ഉത്പന്നങ്ങളുടെ വില ലഭിക്കാനും സംഭരിച്ച ഉത്പന്നങ്ങൾ കൃത്യമായി വിപണിയിൽ എത്തിക്കാനും പുതിയ സംവിധാനം ഏർപ്പെടുത്തും. ഇവിടുത്തെ കോൾഡ് സ്റ്റോറേജ് സംവിധാനവും ഫലപ്രദമായി ഉപയോഗിക്കും. കാർഷിക കർമ്മ സേനാംഗങ്ങൾക്കുള്ള ഇൻഷുറൻസ് പദ്ധതി ഫെബ്രുവരി മുതൽ നടപ്പാക്കും. ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ വഴി, കർഷകരുടെ നൂറ് ഉത്പന്നങ്ങൾ മാർച്ച് 31ന് മുമ്പ് വിപണിയിലെത്തിക്കും. കേരള അഗ്രോ എന്ന പേരിൽ ഇതിനോടകം 65 ഉത്പ്പന്നങ്ങൾ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആധുനിക കാർഷിക സംവിധാനങ്ങൾ മനസ്സിലാക്കുന്നതിന് പ്രത്യേക പരിശീലന ക്ലാസ്സുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനത്തിൽ ഭക്ഷ്യ-പൊതു-വിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അധ്യക്ഷനായിരുന്നു. നെടുമങ്ങാട് കാർഷിക ബ്ലോക്കിലെ പ്രാദേശിക കൃഷി കൂട്ടായ്മകൾ ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കുന്ന ‘നെടുമങ്ങാട് സമൃദ്ധി’ പദ്ധതി മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു. വന്യമൃഗങ്ങളുടെ ശല്യം തടയാൻ മഞ്ഞൾ, കുരുമുളക്, മാങ്ങ എന്നീ കൃഷികളിലേക്ക് കൂടി കർഷകർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ധേഹം പറഞ്ഞു.

ജി.സ്റ്റീഫൻ എം.എൽ.എ, നെടുമങ്ങാട് നഗരസഭാ അധ്യക്ഷ സി.എസ്.ശ്രീജ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.അമ്പിളി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും സമാപന സമ്മേളനത്തിൽ പങ്കെടുത്തു. മികച്ച കർഷകർക്കുള്ള പുരസ്‌കാരങ്ങളും കർഷകർക്കുള്ള സാമ്പത്തിക സഹായവും വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്തു. കൃഷി ദർശൻ പരിപാടിക്ക് സമാപനം കുറിച്ച് നെടുമങ്ങാട് പട്ടണത്തിൽ നടന്ന വർണ്ണാഭമായ ഘോഷയാത്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഫ്ലാഗ് ഓഫ്‌ ചെയ്തു. ഫ്ലാഷ് മോബ്, പരമ്പരാഗത കലാരൂപങ്ങൾ, ചെണ്ട മേളം, ട്രാക്ടറുകൾ തുടങ്ങിയവ അണി നിരന്ന ഘോഷയാത്രയിൽ മന്ത്രിമാരായ ജി ആർ അനിൽ, പി പ്രസാദ്, ത്രിതല പഞ്ചായത്ത്‌ പ്രതിനിധികൾ, സ്കൂൾ കോളേജ് വിദ്യാർത്ഥികൾ, വിവിധ ബ്ലോക്ക്‌ പഞ്ചായത്തുകളിലെ പ്രാദേശിക കൃഷി കൂട്ടായ്മകൾ, കർഷകർ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!