കണ്ടല :മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ടല ഹോമിയോ ആശുപത്രിയില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഐ.ബി സതീഷ് എം.എല്‍.എ നിര്‍വഹിച്ചു. നാട്ടില്‍ ആത്മഹത്യ പ്രവണത വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹോമിയോ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആഴ്ചയില്‍ ഒരു ദിവസം കൗണ്‍സിലിംഗ് സംഘടിപ്പിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.ഹോമിയോ ആശുപത്രിയോട് ചേര്‍ന്ന് നിര്‍മ്മിച്ച അമ്മ വീടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍ നിര്‍വഹിച്ചു. വീടുകളില്‍ ഒറ്റപ്പെട്ടു കഴിയുന്ന അമ്മമാര്‍ക്ക് പകല്‍ സമയം ചെലവഴിക്കാനും അത്യാവശ്യ ചികിത്സാ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 78 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. കണ്ടല ഹോമിയോ ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡീനകുമാരി അധ്യക്ഷത വഹിച്ചു.