തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ദ്രവീകൃത പ്രകൃതിവാതകത്തിൽ (എൽ.എൻ.ജി.) ഓടുന്ന ബസുകൾ വാങ്ങുന്നതിന് മുന്നോടിയായി മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിലെ ഉന്നതസംഘം ഗുജറാത്ത് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസുകൾ പരിശോധിച്ചു. ഈ ബസുകളുടെ കാര്യക്ഷമത സംഘം വിലയിരുത്തി. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയും സ്വകാര്യ കമ്പനിയും ചേർന്നാണ് എൽ.എൻ.ജി. ബസുകൾ ഗുജറാത്ത് കോർപ്പറേഷന് നൽകിയത്.
എൽ.എൻ.ജി.യിലേക്ക് മാറ്റിയ ബസുകൾക്ക് ശരാശരി 5.3 കിലോമീറ്റർ മൈലേജുണ്ട്. എൻജിൻ ശബ്ദവും ഡീസൽ ബസുകളെക്കാൾ കുറവാണ്. ഡീസൽ ബസിനെക്കാൾ വേഗമാർജിക്കാനും ഭാരംവഹിക്കാനും കഴിയും. മലിനീകരണത്തോതും കുറവാണ്. ഇതിന്റെ പ്രവർത്തനം വിലയിരുത്താൻ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ തുടർചർച്ച നടത്തും. ഗുജറാത്തിൽ ഡീസൽ ബസുകൾ എൽ.എൻ.ജി.യിലേക്ക് മാറ്റുകയാണ് ചെയ്തത്. കരാർ ഏറ്റെടുത്ത സ്വകാര്യ കമ്പനിക്കാണ് എൻജിൻ മാറ്റത്തിന്റെ ചുമതല.
പദ്ധതി വിജയമാണെന്ന് കണ്ടതിനെത്തുടർന്ന് 1500 ബസുകൾ എൽ.എൻ.ജി.യിലേക്ക് മാറ്റാൻ ഗുജറാത്ത് കോർപ്പറേഷൻ തീരുമാനിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി.യിലെ 10 ഡ്രൈവർമാരെ എൽ.എൻ.ജി. ബസുകളിൽ പരിശീലനത്തിന് ഗുജറാത്തിലേക്ക് അയക്കും. അഞ്ച് ബസുകൾ എൽ.എൻ.ജി.യിലേക്ക് മാറ്റാൻ കെ.എസ്.ആർ.ടി.സി., ഗെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്തിലെ വാഹനം പൊളിക്കൽകേന്ദ്രം മന്ത്രി ആന്റണി രാജുവും ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്തും സന്ദർശിച്ചു