തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. ബജറ്റിലെ കടുത്ത നികുതി നിര്‍ദേശങ്ങൾക്കെതിരെ നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാൻ കെപിസിസി നിര്‍ദേശിച്ചു. ബജറ്റിന് പിന്നാലെ ഇന്ന് വൈകിട്ട് ചേര്‍ന്ന കെപിസിസിയുടെ അടിയന്തര ഓണ്‍ലൈൻ യോഗത്തിലാണ് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്.
ജില്ലാതലങ്ങളിലും മണ്ഡലങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും പന്തം കൊളുത്തി പ്രകടനവും നടത്തും. ഹൈക്കോടതി നിര്‍ദേശ പ്രകാരം മുൻ കൂട്ടി നോട്ടീസ് നൽകി കൊണ്ട് ഹര്‍ത്താൽ ആചരിക്കുന്ന കാര്യവും കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നുണ്ട്. കൂടുതൽ സമരപരിപാടികൾ നാളെ കെപിസിസി അധ്യക്ഷൻ പ്രഖ്യാപിക്കും