തിരുവനന്തപുരം: രോഗികള്‍ക്ക് ആശുപത്രിയില്‍ നേരിട്ട് പോയി ഡോക്ടറെ കണ്ട് ചികിത്സ തേടുന്നതിനു പകരം ഓണ്‍ലൈനായി വീഡിയോ കോളിലൂടെ ചികിത്സ തേടുന്ന ഇ-സഞ്ജീവനിയില്‍ നിലവിലെ സേവനങ്ങള്‍ക്ക് പുറമെ സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍.
ഇതുവഴി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടറുടെ സേവനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേരിട്ട് പോയി തേടുന്നതിന് പകരം തൊട്ടടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിലെത്തി അവിടുത്തെ ഡോക്ടറുടെ സഹായത്തോടെ ഡോക്ടര്‍ ടു ഡോക്ടര്‍ സേവനത്തിലൂടെ രോഗിക്ക് ചികിത്സ ഉറപ്പാക്കാവുന്നതാണ്.
സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മണി മുതല്‍ 12 മണിവരെ ന്യൂറോളജി, നെഫ്രോളജി, ഗ്യാസ്‌ട്രോ എന്റിറോളജി, എന്‍ഡോക്രൈനോളജി എന്നീ ഒ.പിയും, പീഡിയാട്രിക് സൂപ്പര്‍ സ്‌പെഷ്യാലിറ്റിയുമായി ബന്ധപ്പെട്ട് മാസത്തില്‍ ആദ്യ ബുധനാഴ്ച പീഡിയാട്രിക് കാര്‍ഡിയോളജിയും രണ്ടാം ബുധനാഴ്ച പീഡിയാട്രിക് എന്‍ഡോ ക്രൈനോളജിയും മൂന്നാം ബുധനാഴ്ച പീഡിയാട്രിക് ഗ്യാസ്‌ട്രോളജിയും അവസാന ബുധനാഴ്ച പീഡിയാട്രിക് ന്യൂറോളജിയും ആദ്യ വ്യാഴാഴ്ച പീഡിയാട്രിക് നെഫ്രോളജി ഒ പി യും ഉണ്ടായിരിക്കും.
ഇതോടൊപ്പം ജില്ലാ ആശുപത്രികളിലേയും, ജനറല്‍ ആശുപത്രികളിലെയും സ്‌പെഷ്യലിറ്റി കെയര്‍ സേവനങ്ങളും ലഭിക്കും. താഴെത്തട്ടിലുള്ള ആശുപത്രിയിലെ ഡോക്ടറുടെ സഹായത്തോടെ ജില്ലാ, ജനറല്‍ ആശുപത്രികളിലെയും, മെഡിക്കല്‍ കോളേജിലെയും സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ രോഗികള്‍ക്ക് ഇത് വഴി ലഭിക്കും.
ഇ-സഞ്ജീവനിയിലൂടെ കോവിഡ് ഒ. പി 24 മണിക്കൂറും, പോസ്റ്റ് കോവിഡ്, ജനറല്‍ ഒ. പി സേവനങ്ങള്‍ എല്ലാ ദിവസവും രാവിലെ എട്ടുമണി മുതല്‍ രാത്രി 8 മണി വരെയും ലഭ്യമാണ്. എല്ലാ സ്‌പെഷ്യാലിറ്റി ഒ. പി സേവനങ്ങളും ദിവസവും രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെയും ലഭ്യമാണ്. ഇ-സഞ്ജീവനി സേവനം esanjeevaniopd.in എന്ന പോര്‍ട്ടല്‍ മുഖാന്തിരമോ esanjeevaniOPD ആപ്പിലൂടെയോ തേടാവുന്നതാണ്. വെബ്‌സൈറ്റ് സന്ദര്‍ശിച്ച് മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തുമ്പോള്‍ മൊബൈലിലേക്ക് ഒടിപി ലഭിക്കും. ഈ ഒടിപി നല്‍കിക്കഴിയുമ്പോള്‍ ലഭിക്കുന്ന പേഷ്യന്റ് ഐഡിയും, ടോക്കണ്‍ നമ്പറും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്.
മുന്‍ ചികിത്സാ രേഖകള്‍ അപ്ലോഡ് ചെയ്തു നല്‍കാനും പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ നല്‍കുന്ന മരുന്ന് കുറിപ്പടികളും ലാബ് പരിശോധനയ്ക്കായുള്ള കുറിപ്പടിയും ഡൗണ്‍ ലോഡ് ചെയ്തു ഉപയോഗിക്കാനും സാധിക്കും. സൗജന്യമായി ലഭിക്കുന്ന ഈ സേവനവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും സഹായങ്ങള്‍ക്കും ദിശ നമ്പറായ 104/1056/04712552056 എന്നിവയില്‍ ബന്ധപ്പെടാവുന്നതാണ്.