തിരുവനന്തപുരം: തിരുവനന്തപുരം–കന്യാകുമാരി റെയിൽ പാത (86.56 കിമീ) ഇരട്ടിപ്പിക്കലിന്റെ ഭാഗമായി തിരുവനന്തപുരം മുതൽ നേമം വരെയുള്ള (8 കിമീ) പണികളുടെ ആദ്യ കരാർ റെയിൽവേ ഉടൻ ക്ഷണിക്കും.പദ്ധതിക്കു വേണ്ട 90 ശതമാനം ഭൂമിയും സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകിയതിനെ തുടർന്നാണു നടപടി. 101 കോടി രൂപയുടെ കരാറുകളാണ് ആദ്യം ക്ഷണിക്കുക.
നേമം വരെയുള്ള രണ്ടാം പാതയ്ക്കായി തറ ഒരുക്കുന്നതിനും മൺതിട്ടയുടെ നിർമാണത്തിനും 49 കോടി രൂപ, റെയിൽവേ മേൽപാലങ്ങളുടെ നിർമാണത്തിന് 29 കോടി, കരമനയാറിനും കിള്ളിയാറിനും കുറുകെയുള്ള പാലങ്ങളുടെ നിർമാണത്തിന് 23 കോടി എന്നിങ്ങനെയാണു കരാർ തുക.നേമം മുതൽ പാറശാല വരെയുള്ള ഭാഗത്തെ ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കാൻ കഴിഞ്ഞയാഴ്ച നടന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.