തിരുവനന്തപുരം : പരിശീലന വിമാനം ടേക്ക് ഓഫിനിടെ തലകീഴായി മറിഞ്ഞ സംഭവത്തിൽ ഡയക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അധികൃതർ അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെ ഡി.ജി.സി.എ യുടെ അഞ്ചംഗ സംഘം തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. ഡൽഹിയിൽ നിന്നും മൂന്ന് പേരും ബംഗളൂരുവിൽ നിന്നും കൊച്ചിയിൽ നിന്നും ഒരാൾ വീതവുമടങ്ങുന്ന സംഘം റൺവേയും വിമാനവും പരിശോധിച്ചു.
തുടർന്ന് ക്രെയിനിന്റെ സഹായത്തോടെ വിമാനം പൊക്കി ഏവിയേഷൻ അക്കാഡമിയിലെത്തിച്ചു. ഏവിയേഷൻ അക്കാഡമിയിലെ ഉദ്യോഗസ്ഥരിൽ നിന്നും വിമാനത്താവളത്തിലെ ജീവനക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. വരും ദിവസങ്ങളിൽ വിമാനം കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും. അതിന് ശേഷമേ അപകടത്തിന്റെ കാരണം വ്യക്തമാകൂ.