വിതുര: വിതുരയിൽ 74 കാരിയെ ക്രൂരമായി പീഡിപ്പിച്ച 57 കാരനെ റിമാൻഡ് ചെയ്തു. വിതുര കല്ലാർ സ്വദേശി ഉണ്ണി (57) ആണ് പിടിയിലായത്. ഇന്നലെ രാത്രി ആണ് ഇയാളെ വിതുര പൊലീസ് പിടികൂടിയത്. നെടുമങ്ങാട് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്.
ഇന്നലെ രാവിലെ ആണ് കേസിന് ആസ്പദമായ സംഭവം. അയൽപക്കത്ത് ആളില്ല എന്ന് മനസ്സിലാക്കി രാവിലെ 10 മണിയോടെ കല്ലാർ സ്വദേശിയായ 74 കാരിയുടെ വീട്ടിൽ മദ്യപിച്ച് എത്തിയ ഉണ്ണി ഇവരെ ബലം പ്രയോഗിച്ച് വലിച്ചിഴച്ച് വീട്ടിലെ കിടപ്പുമുറിയിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് വിതുര പൊലീസ് പറഞ്ഞു. വൃദ്ധ വീട്ടിൽ തനിച്ചാണ് താമസം.
സംഭവം പുറത്ത് പറഞ്ഞൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആണ് പ്രതി പോയത്. അവശയായ വൃദ്ധ പ്രതിയെ ഭയന്ന് സംഭവം ആരോടും പറയാതെ വിതുര സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. അമിതമായ രക്തസ്രാവവുമായി ചികിൽസ തേടിയ വൃദ്ധയിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ ഡോക്ടർ ഉടൻ വിതുര പൊലീസിനെ വിവരം അറിയിച്ചു.
തുടർന്ന് പൊലീസ് ആശുപത്രിയിൽ എത്തി വൃദ്ധയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. രാത്രിയോടെ പ്രതിയായ ഉണ്ണിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാൾക്ക് എതിരെ ഇതിന് മുൻപ് സ്ത്രീകളെ ശല്യം ചെയ്തതിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.