കല്ലറ: രാത്രിയില്‍ വീടിനുള്ളില്‍ പതിയിരുന്ന് വീട്ടമ്മയുടെ മാലപൊട്ടിച്ച സംഭവത്തിലെ പ്രതിയെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. കല്ലറ വെള്ളംകുടി എകെജി കോളനിയില്‍ സജീര്‍ (30) ആണ് പാങ്ങോട് പോലീസിന്‍റെ പിടിയിലായത്. കല്ലറ മുണ്ടോണിക്കര സരസ്വതിഭവനില്‍ ഒറ്റക്ക് താമസിക്കുന്ന സരസ്വതി അമ്മയുടെ (68) രണ്ടുപവന്‍ തൂക്കമുള്ള മാലയാണ് പ്രതി മോഷ്ടിച്ചത്.
വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ നേരത്തേ തന്നെ ഒളിച്ചു കയറിയ സജീർ ഇവർ ഉറങ്ങിയപ്പോൾ നനഞ്ഞ തുണികൊണ്ടു മുഖം അമർത്തിപ്പിടിച്ചു വെട്ടുകത്തി കഴുത്തിൽ അമർത്തി വച്ച് ഭീഷണിപ്പെടുത്തി സ്വർണ മാല പൊട്ടിച്ചെടുത്തു കടക്കുകയായിരുന്നു.
സമീപത്ത് മോഷണക്കേസുകളുടെ ചരിത്രമുള്ള മൂന്നു പേരുടെ നീക്കങ്ങൾ അന്വേഷിച്ച പൊലീസ് സജീർ രാവിലെ മുതൽ പണം ധാരാളം ചെലവഴിച്ച് ആഘോഷിക്കുന്നതായി അറിഞ്ഞു. ഒരു സ്വർണമാല കളഞ്ഞു കിട്ടിയതായി സജീർ പറഞ്ഞെന്നു ഭാര്യയും സമ്മതിച്ചു. തുടർന്ന് പൊലീസ് വഴിയിൽ കാത്തു നിന്നു വീട്ടിലേക്ക് എത്തുമ്പോൾ പിടി കൂടുകയായിരുന്നു.