തിരുവനന്തപുരം: 2015-ലെ ബാലനീതി (കുട്ടികളുടെ പരിരക്ഷയും സംരക്ഷണവും) ആക്ടിന് 2021 -ലും 2011 -ലെ ദത്തെടുക്കല്‍ റഗുലേഷന് 2022- ലും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ പ്രകാരം ജില്ലയില്‍ 2 കുട്ടികളെ ദത്തുനല്‍കി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് ഉത്തരവ് പുറപ്പെടുവിച്ചു.
ഭേദഗതി ആക്ട് പ്രകാരം ദത്തെടുക്കലുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് കോടതിയുടെ അധികാരപരിധിയില്‍ നിന്നും ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാര പരിധിയിലേയ്ക്ക് മാറ്റിയിരുന്നു. ഇതിന്റെ ഭാഗമായാണ് കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
രണ്ടു കേസുകളിലും ദമ്പതികള്‍ കുടുംബ കോടതിയില്‍ ദത്തു പെറ്റീഷന്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും 2021-ലെ ബാലനീതി ഭേദഗതി ആക്ട് പ്രകാരം ഇത് ജില്ലാ കളക്ടര്‍ക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് ബന്ധപ്പെട്ട കക്ഷികളെ നേരില്‍ കേട്ട ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് കളക്ടര്‍ ദത്തെടുക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
ഇത് സംബന്ധിച്ച തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി തിരുവനന്തപുരം ശിശുസംരക്ഷണ ആഫീസര്‍ എസ് ചിത്രലേഖ യ്ക്ക് കളക്ടര്‍ ഉത്തരവ് കൈമാറി. ചടങ്ങില്‍ എ.ഡി.എം അനില്‍ ജോസ് ജെ, ജില്ലാ നിയമ ഓഫീസര്‍ സുനില്‍ കുമാര്‍ വി.ആര്‍. സ്‌പെഷ്യലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സിയുടെ സോഷ്യല്‍ വര്‍ക്കര്‍ എം. വിനിത, ശിശു സംരക്ഷണ ആഫീസിലെ പ്രൊട്ടക്ഷന്‍ ആഫീസര്‍ ജെ. ജെറിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.