തിരുവനന്തപുരം: ചൂട് സഹിക്കാനാകാതെ വീട്ടിൽ നിന്നെത്തിച്ച ടേബിൾ ഫാൻ ഉപയോഗിച്ചതിന് പണം ഈടാക്കി ആശുപത്രി അധികൃതർ. നെടുമങ്ങാട് ജില്ലാ ആശുപത്രി അധികൃതരാണ് കിടപ്പുരോഗിയിൽ നിന്ന് വൈദ്യുതിക്ക് വാടകയിനത്തിൽ പണം ഇടാക്കിയത്.
ടേബിൾ ഫാൻ ഉപയോഗിച്ചതിന് വാടക ഇനത്തിൽ രണ്ട് ദിവസത്തേക്ക് 100 രൂപയാണ് ഇവർ വാങ്ങിയത്.ആശുപത്രിയിലെ ചൂട് അസഹനീയമായതിനാലാണ് വീട്ടിൽ നിന്നും ഫാൻ എത്തിച്ചതെന്ന് രോഗിയും വീട്ടുകാരും വ്യക്തമാക്കി.
മാത്രമല്ല ആശുപത്രിയിലെ ഫാൻ അനങ്ങാത്ത അവസ്ഥയിലാണെന്നും അവർ ചൂണ്ടികാട്ടി. അതേസമയം സംഭവത്തിൽ പരാതി ഉയർന്നതിന് പിന്നാലെ ആശുപത്രി അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇലക്ട്രിക് ഉപകരണങ്ങൾ പുറത്തു നിന്ന് കൊണ്ടുവന്ന് ഉപയോഗിക്കുന്നതിനുള്ള ആശുപത്രി ചെലവ് ആണ് ഈടാക്കിയത് എന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. കിടപ്പ് രോഗിയായതിനാൽ ഡിസ്ചാർജ്ജ് സമയത്ത് തുക തിരിച്ചുനൽകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.