തിരുവനന്തപുരം: വയോധികയുടെ സ്വർണ്ണ മാലയും പേഴ്സും കവർച്ച ചെയ്ത, അന്തർസംസ്ഥാന മോഷണ സംഘത്തിൽപ്പെട്ട സ്ത്രീയെ പോലീസ് പിടികൂടി. തമിഴ് നാട്, ഈറോഡ് സ്വദേശിനി സന്ധ്യ എന്നറിയപ്പെടുന്ന അംബിക (31) യെയാണ് പേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ചാക്ക ഇളമ്പാല ക്ഷേത്രത്തിൽ വെച്ച് നടന്ന അന്നദാനത്തിനിടെയാണ് വയോധികയുടെ സ്വർണ്ണമാലയും, പേഴ്സും കവർന്നെടുത്ത് പ്രതി കടന്നു കളയുകയായിരുന്നു. തുടർന്ന് പേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
സ്ത്രീകൾ ഒത്തു കൂടുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് തുടർന്നും മോഷണം നടത്തുവാൻ ഇവർക്ക് പദ്ധതി ഉണ്ടായിരുന്നു. കേരളത്തിലും തമിഴ് നാട്ടിലും വിവധ പോലീസ് സ്റ്റേഷനുകളിൽ ഇത്തരത്തിലുള്ള നിരവധി കേസ്സുകൾ ഇവർക്കെതിരെയുണ്ട്.
ശംഖുമുഖം പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ഡി.കെ. പൃഥിരാജിന്റെ നിർദ്ദേശ പ്രകാരം പേട്ട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സാബു, എസ്.ഐമാരായ രാഹുൽ, സുനിൽ എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതായും, ഇവർ സമാനമായ രീതിയിൽ നടത്തിയിട്ടുള്ള കുറ്റകൃത്യങ്ങളെ സംബന്ധിച്ചു വിവരം ശേഖരണം നടത്തി വരുന്നതായും പോലീസ് അറിയിച്ചു