തിരുവനന്തപുരം: മേനംകുളത്ത് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതിയെ പിടികൂടി. പള്ളിത്തുറ നെഹ്റു ജംഗ്ഷൻ മണക്കാട്ടുവിളാകം വീട്ടിൽ അപ്പൂസ് എന്നു വിളിക്കുന്ന വിവേക് (28) നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് സംഭവം നടന്നത്. പള്ളിത്തുറ സ്വദേശിയായ ശ്രീജിത്തിനെ പ്രതി മർദ്ധിക്കുകയും കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. മുൻ വിരോധമാണ് ആക്രമണത്തിന് കാരണം.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കഴക്കൂട്ടം എസ്.എച്ച്. ഒ പ്രവീൺ ജെ.എസ്സ്, എസ്.ഐമാരായ മിഥുൻ, ഹാഷിം, സി.പി.ഒമാരായ സഫീർ, സജീവ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഈ കേസ്സിന് പ്രതി വിവേകിന് തുമ്പ പോലീസ് സ്‌റ്റേഷനിൽ പോക്സോ കേസ്സും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, അടിപിടിക്കേസ്സ് ഉൾപ്പെടെ കേസ്സുകൾ നിലവിലുണ്ട്.