കേശവദാസപുരം ജംഗ്ഷനിലെ ഹൈടെക് ബസ് ഷെൽട്ടർ നാടിന് സമർപ്പിച്ചു

IMG_20230322_213327_(1200_x_628_pixel)

തിരുവനന്തപുരം :സംസ്ഥാനത്ത് മൂന്നുദിവസം നീണ്ടുനിന്ന ഡിസൈൻ പോളിസി വർക്ക്ഷോപ്പിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ നാടിന്റെ മുഖച്ഛായ മാറ്റുമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേശവദാസപുരം ജംഗ്ഷനിൽ അത്യാധുനിക രീതിയിൽ നിർമ്മിച്ച ഹൈടെക് ബസ് ഷെൽട്ടറിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ റോഡുകൾ, പാലങ്ങൾ, ഫുട്പാത്തുകൾ ബസ് ഷെൽട്ടറുകൾ എന്നിവ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ നിർമ്മിക്കും . ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസ്ഥാനത്തെ റോഡുകളും പാലങ്ങളും ട്രെൻഡിങായി മാറിയിരിക്കുകയാണ്. ഡ്രോൺ ക്യാമറയിലൂടെയും മറ്റും ചിത്രീകരിച്ച ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത വികസനം 2025ൽ പൂർത്തിയാകും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശ പാതയും ഉടൻ സാധ്യമാകും. 50 കിലോമീറ്റർ ഇടവേളകളിൽ യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സ്ഥലവും കംഫർട്ട് സ്റ്റേഷനും ഉൾപ്പെടെ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന വിധത്തിലായിരിക്കും തീരദേശ പാതയുടെ നിർമ്മാണം.

ഇതിനായി ഭൂമി ഏറ്റെടുക്കപ്പെടുന്നവർക്ക് മികച്ച രീതിയിലുള്ള നഷ്ടപരിഹാര പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാടിനെ സ്നേഹിക്കുന്ന എല്ലാവരും ഇത് അംഗീകരിക്കും. നാട് മുടിഞ്ഞു പോകട്ടെയെന്ന് ആഗ്രഹിക്കുന്ന ചിലർ മാത്രമേ ഇതിനെ എതിർക്കൂ. അത്തരക്കാരെ ജനങ്ങൾ ഒറ്റപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

13 ജില്ലകളിലൂടെ കടന്നുപോകുന്ന, 1200 കിലോമീറ്ററോളം ദൈർഘ്യമുള്ള, മലയോര ഹൈവേ കേരളത്തിന്റെ കാർഷിക – വിനോദ സഞ്ചാരമേഖലയ്ക്ക് വൻ കുതിപ്പുണ്ടാക്കും. മലയോര ഹൈവേ പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള സമഗ്ര പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു .

വികെ പ്രശാന്ത് എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. ബസ്സ് കാത്തിരിക്കുന്നവർക്ക് സുഖമായി ഇരിരിക്കാൻ കഴിയുന്ന ഇരിപ്പിടങ്ങൾ, ടെലിവിഷനുകൾ, സ്നാക്സ് ബാർ, എഫ്.എം റേഡിയോ, സൗജന്യ വൈഫൈ, മൊബൈൽ ചാർജിങ് സ്റ്റേഷൻ, മാഗസിൻ സ്റ്റാൻഡ്, സുരക്ഷാ ക്യാമറ എന്നിവ സഹിതം അത്യാധുനിക രീതിയിലാണ് ബസ് ഷെൽട്ടർ പണികഴിപ്പിച്ചിട്ടുള്ളത്.

ബസുകളുടെ സമയക്രമം ടിവിയിൽ ലഭ്യമാക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഷെൽട്ടറിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ പാനലിൽ നിന്നുള്ള വൈദ്യുതിയാണ് ഇവിടെ ഉപയോഗിക്കുന്നത്. വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ നന്ദൻകോടാണ് ഇത്തരത്തിലുള്ള ആദ്യത്തെ ഹൈടെക് ബസ് ഷെൽട്ടർ സ്ഥാപിച്ചത്. മണ്ഡലത്തിലെ നാല് കേന്ദ്രങ്ങളിൽ കൂടി ഹൈടെക് ഷെൽട്ടറുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എം എൽ എ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!