Search
Close this search box.

സൂര്യഗായത്രി കൊലക്കേസ്: അന്തിമവാദം പൂർത്തിയായി, വിധി മാർച്ച് 30 ന്

IMG_20230317_162950_(1200_x_628_pixel)

തിരുവനന്തപുരം : നെടുമങ്ങാട് കരിപ്പൂര്‍ ഉഴപ്പാകോണം സ്വദേശിനി സൂര്യഗായത്രിയെ പ്രതി കൊലപ്പെടുത്താന്‍ കാരണം ക്രമിനല്‍ സ്വഭാവമുളള പ്രതിയുടെ വിവാഹ ആലോചന സൂര്യഗായത്രിയും കുടുംബവും നിരസിച്ചത് കൊണ്ടെന്ന് പ്രോസിക്യൂഷന്‍.കേസിന്റെ അന്തിമ വാദത്തിലാണ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്.

ആറാം അഢീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്. കൊല്ലപ്പെട്ട സൂര്യഗായത്രി തന്നെ കുത്തി കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ആത്മ രക്ഷാര്‍ത്ഥം കത്തി പിടിച്ചു വാങ്ങി കുത്തിയതാണെന്ന പ്രതിഭാഗം വാദത്തെ പ്രോസിക്യൂഷന്‍ ശക്തിയായി എതിര്‍ത്തു.

പ്രതി പേയാട് ചിറക്കോണം വാറുവിളാകത്ത് അരുണിന്റെ കൈയ്ക്ക് കൊലപാതകത്തിനിടെ പറ്റിയ മുറിവ് ഉയര്‍ത്തിയായിരുന്നു പ്രതിഭാഗം വാദം. സൂര്യഗായത്രിയെ കുത്തി കൊലപ്പെടുത്തിയ ശേഷം കത്തി മടക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായതാണ് പ്രതിയുടെ കയ്യിലെ മുറിവെന്ന് അന്വേഷണ ഉദ്യോഗസ്ഥനും പ്രതിയെ പരിശോധിച്ച ഡോക്ടറും നല്‍കിയ മൊഴി പ്രോസിക്യൂഷന്‍ കോടതിയില്‍ വായിച്ചു.

കൊലപാതകത്തിന് ശേഷം പ്രതി ഒളിച്ചിരുന്ന സമീപത്തെ ടെറസില്‍ നിന്ന് പ്രതിയെ പിടികൂടി കൊണ്ട് വന്നവരോട് പ്രതി, താന്‍ സൂര്യഗായത്രിയെ കൊല്ലാനാണ് വന്നതെന്ന് സമ്മതിച്ച മൊഴിയും പ്രോസിക്യൂഷന്‍ വാദമായി ഉന്നയിച്ചു. കൊല്ലപ്പെട്ട സൂര്യഗായത്രിയെ വിവാഹം ചെയ്ത് നല്‍കാത്ത വിരോധമാണ് പ്രതിയെ കൊലക്ക് പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തിലും ശാസ്ത്രീയ തെളിവുകളുടെ വെളിച്ചത്തിലും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോള്‍ ക്രൈം ബ്രാഞ്ച് ഭരണവിഭാഗം ഡി.വൈ. എസ്. പിയുമായ ബി.എസ്. സജിമോന്‍ നല്‍കിയ മൊഴി പ്രോസിക്യൂഷന് നിര്‍ണ്ണായക തെളിവായി മാറി.

ഭിന്നശേഷിക്കാരും നിസഹായരുമായ മാതാപിതാക്കളുടെ മുന്നിലിട്ടാണ് പ്രതി സൂര്യഗായത്രിയുടെ ശരീരത്തിലുടനീളം 33 കുത്തുകള്‍ കുത്തിയത്. പക അടങ്ങാത്ത പ്രതി സൂര്യഗായത്രിയുടെ തല ചുമരില്‍ പിടിച്ച് ഇടിച്ചും ഗുരുതരമായ പരിക്കേല്‍പ്പിച്ചു. തലയിലെ മുറിവും നെഞ്ചിലും അടിവയറ്റിലുമേറ്റ മാരക മുറിവുകളാണ് മരണത്തിന് ഇടയാക്കിയതെന്ന ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗം പ്രോസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി.

അക്രമം തടയാന്‍ ശാരീരിക ശേഷി ഇല്ലാതിരുന്നിട്ടും അതിന് തുനിഞ്ഞ സൂര്യഗായത്രിയുടെ അമ്മ വത്സലയെയും അച്ഛന്‍ ശിവദാസനെയും പ്രതി ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. കത്തിയുടെ നീളവും മുറിവിന്റെ ആഴവും കൃത്യമായിരുന്നതായി പോലീസ് സര്‍ജ്ജന്‍ ധന്യാ രവീന്ദ്രനും, സൂര്യഗായത്രിയുടെ വസ്ത്രങ്ങളിലും കത്തിയിലും സൂര്യഗായത്രിയുടെ രക്തം തന്നെയായിരുന്നതായി ഫോറന്‍സിക് വിദഗ്ദരായ ലീന. വി. നായര്‍, ഷഫീക്ക, വിനീത് എന്നിവര്‍ നല്‍കി മൊഴിയും, ശാസ്ത്രീയ പരിശോധനക്ക് ആവശ്യമായ പ്രതിയുടെ മുടിയും രക്തവും ശേഖരിച്ച് നല്‍കിയ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ദീപഹരിഹരന്റെ മൊഴിയും പ്രോസിക്യൂഷന്‍ കേസിന് ഏറെ സഹായകരമായി മാറി.

39 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.64 രേഖകളും 49 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, അഡ്വ.വിനു മുരളി, അഡ്വ.മോഹിത മോഹൻ,അഡ്വ.അഖില ലാൽ, അഡ്വ.ദേവിക മധു എന്നിവരും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ക്ലാരൻസ് മിരാൻഡയും, പരുത്തിപ്പള്ളി സുനിൽകുമാറും ഹാജരായി.

വലിയമല സർക്കിൾ ഇൻസ്‌പെക്ടറും ഇപ്പോൾ ക്രൈംബ്രാഞ്ച് അഡ്മിനിസ്ട്രേഷൻ ഡി.വൈ.എസ്.പി യുമായ ബി.എസ്.സജിമോൻ,സിവിൽ പോലീസ്‌ ഓഫീസർമാരായ സനൽരാജ്.ആർ.വി, ദീപ.എസ് എന്നിവരാണ് കേസിൻ്റെ അന്വേഷണ നടത്തി കുറ്റപത്രം ഹാജരാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!