സംരംഭങ്ങള്‍ക്കും സ്ത്രീശാക്തീകരണത്തിനും ഊന്നല്‍ നല്‍കി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ബജറ്റ്

IMG_20230329_200113_(1200_x_628_pixel)

തിരുവനന്തപുരം:സംരംഭകത്തെ പ്രോത്സാഹിപ്പിച്ചും പ്രകൃതിവിഭവങ്ങളെ സംരക്ഷിച്ചും സ്ത്രീശാക്തീകരണത്തിന് ഊന്നല്‍ നല്‍കിയും സുസ്ഥിരവികസനം ലക്ഷ്യമിട്ട് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക ബജറ്റ്.

നവകേരളത്തിന് ജനകീയാസൂത്രണം എന്ന ലക്ഷ്യത്തോടെ ജില്ലയുടെ സമഗ്ര വികസനത്തിന് അനുയോജ്യമായ നൂതന പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി, മാലിന്യനിര്‍മാര്‍ജനം, വിനോദസഞ്ചാരം എന്നിവയ്ക്കും പ്രാധാന്യം നല്‍കുന്ന ബജറ്റില്‍ 825.8 കോടി രൂപയുടെ വരവും 822.5 കോടിയുടെ ചെലവും 3.25 കോടിയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു.

കുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ വരെയുള്ള എല്ലാ തലമുറയില്‍പ്പെട്ടവര്‍ക്കും പരിഗണന നല്‍കുന്ന ജെന്‍ഡര്‍ ബജറ്റാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് എ. ശൈലജാ ബീഗം പറഞ്ഞു.

കര്‍ഷകര്‍, തൊഴിലാളികള്‍, യുവജനങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും പരിഗണന നല്‍കുന്ന പുതിയ പദ്ധതികളാണ് ബജറ്റില്‍ ഉല്‍പ്പെടുത്തിയിരിക്കുന്നത്.

അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് കൂടുതല്‍ വിപുലമായ പദ്ധതികള്‍ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍ പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ നടപ്പാക്കിവന്ന പദ്ധതികളെ കാലോചിതമായി പരിഷ്‌കരിച്ചും നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ചുമാണ് ഇത്തവണത്തെ ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.

*കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക ഊന്നല്‍*

കാര്‍ഷിക മേഖലക്ക് മാത്രമായി നാല് കോടി 81 ലക്ഷം രൂപ വകയിരുത്തി. ജില്ലയിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ല് സംഭരിച്ച് ട്രാവന്‍കൂര്‍ റൈസ് എന്ന പേരില്‍ ബ്രാന്‍ഡാക്കി വിപണിയിലെത്തിക്കുന്നതിന് ഒരു കോടി രൂപയാണ് നീക്കിവെക്കുന്നത്. നെല്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ ഒരുകോടി രൂപയും വന്യജീവികളുടെ ശല്യം തടയുന്നതിന് സോളാര്‍ വേലികള്‍ സ്ഥാപിക്കാന്‍ 50 ലക്ഷം രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തി.

 

ജില്ലാപഞ്ചായത്ത് രൂപീകരിച്ച ലേബര്‍ ബാങ്കില്‍ നിന്നും ടെക്‌നീഷ്യന്മാരുടെ സേവനം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ വഴി മൊബൈല്‍ ആപ്പ് പുറത്തിറക്കും. വരുംവര്‍ഷങ്ങളില്‍ 100 ഹൈടെക് ഫാമുകള്‍ നടപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി 104 ലക്ഷം രൂപ വകയിരുത്തി. നെല്‍കൃഷി ചെയ്യുന്നതിനായി ആവിഷ്‌കരിച്ച കേദാരം പദ്ധതിക്ക് 90 ലക്ഷം രൂപയും കേരാമൃത പദ്ധതിയുടെ തുടര്‍ച്ചക്കായി രണ്ടുകോടി രൂപയും അനുവദിച്ചു. വാഴകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 20 ലക്ഷവും കിഴങ്ങുവിളകള്‍ പ്രോത്സാഹിപ്പിക്കാന്‍ ആറരലക്ഷവും ഔഷധസസ്യങ്ങളുടെ കൃഷിക്ക് അഞ്ചര ലക്ഷം രൂപയും വകയിരുത്തി.

*സ്ത്രീശാക്തീകരണം മുഖ്യലക്ഷ്യം*

ജില്ലയിലെ വിദൂര പിന്നാക്ക മേഖലയിലെ സ്ത്രീകളെയടക്കം പൊതുധാരയിലേക്ക് കൂടുതലായി എത്തിക്കുന്നതിന് വിവിധ പദ്ധതികളാണ് ബജറ്റില്‍ വിഭാവനം ചെയ്തിരിക്കുന്നത്. വനിതകളുടെ ആശയങ്ങള്‍ക്കും ചിന്തകള്‍ക്കും സാക്ഷാത്കാരം നല്‍കുന്നതിനുള്ള സംവാദ വേദിയൊരുക്കുന്നതിന് രണ്ടര ലക്ഷം രൂപയുടെ ‘പെണ്ണിടങ്ങള്‍’ പദ്ധതി നടപ്പാക്കും. വനിതകളെ നിയമസാക്ഷരരാക്കുന്നതിന് നിയമസഹായ അതോറിറ്റിയുടെ സഹായത്തോടെ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിനായി 5.5 കോടി വകയിരുത്തി. വനിതകളുടെ വരുമാനം വര്‍ദ്ധിക്കുന്നതിന് കുടുംബശ്രീയുമായി ചേര്‍ന്ന് പദ്ധതികള്‍ നടപ്പാക്കും. കൂടാതെ ബഡ്‌സ് സ്‌കൂളിലെ കുട്ടികളുടെ അമ്മമാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിന് രണ്ടുകോടി 39 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പരമ്പരാഗത കൈത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന വനിതകള്‍ക്ക് ധനസഹായം നല്‍കാന്‍ ഒരുകോടി പതിനായിരം രൂപയുടെ പദ്ധതിയും ബജറ്റിലുണ്ട്.

*പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേക പദ്ധതികള്‍*

*അഭ്യസ്ത വിദ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിശീലനത്തിന് 10 ലക്ഷം

*അപ്രന്റീസ്ഷിപ്പ് ചെയ്ത് തൊഴില്‍ പരിശീലനത്തിന് ഒരുകോടി പത്തുലക്ഷം

*കരിയര്‍ ഗൈഡന്‍സിന് 10 ലക്ഷം

*പഠനമുറി നിര്‍മിക്കുന്നതിന് ഒരു കോടി

*ഓരോ കുടുംബത്തിനും ഒരു ഉപജീവന സംരംഭം ആരംഭിക്കാന്‍ പുതിയ പദ്ധതി

*വിവിധ പദ്ധതികള്‍ക്ക് ഒരു കോടി

 

*വിദ്യാഭ്യാസം*

*ജില്ലാപഞ്ചായത്തിന് കീഴിലെ 78 സ്‌കൂളുകള്‍ക്ക് വിവിധ പദ്ധതികള്‍

*കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ കായിക ജ്യോതി പദ്ധതിക്കായി 25 ലക്ഷം

*വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് ആശയവിനിമയം മെച്ചപ്പെടുത്താന്‍ ഗോടെക് പദ്ധതിക്ക് 16.4 ലക്ഷം

*വിദ്യാലയങ്ങളില്‍ മാത്സ് ലാബ് തയാറാക്കാന്‍ 26 ലക്ഷം

*വായനയെ പ്രോത്സാഹിപ്പിക്കാന്‍ റാട്ട് പദ്ധതി, ഇതിനായി 10 ലക്ഷം രൂപ

*വിദ്യാലയങ്ങളില്‍ മെന്‍സ്ട്രുവല്‍ കപ്പ് വിതരണത്തിന് 50 ലക്ഷം രൂപ

*വിദ്യാലയങ്ങളിലെ കുടിവെള്ള സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ 3.12 കോടി

*ജില്ലയിലെ ഭിന്നശേഷി കുട്ടികളുടെ കലാമേള അതിവിപുലമായി സംഘടിപ്പിക്കുന്നതിന് 15 ലക്ഷം രൂപ

 

*മറ്റ് പ്രഖ്യാപനങ്ങള്‍*

*ലൈഫ് പദ്ധതിക്ക് 10.10 കോടി, ന്യൂലൈഫ് പദ്ധതിക്ക് ഒരുകോടി

*ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രികളുടെ നവീകരണത്തിന് 10 കോടി

*ഗ്രാമവണ്ടി പദ്ധതിയ്ക്ക് രണ്ടുകോടി

*മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനും ഏഴ് കോടി രൂപ

* ചെറ്റച്ചല്‍ ജഴ്‌സി ഫാമിലെ കന്നുകാലി പരിപാലനത്തിന് 1.25 കോടി

*വിതുര ജഴ്‌സി ഫാം, ചെറ്റച്ചല്‍ ജഴ്‌സി ഫാം, പാറശാല പന്നിവളര്‍ത്തല്‍ കേന്ദ്രം എന്നിവയ്ക്കായി നാലുകോടി

*കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിക്ക് രണ്ടുകോടി

*കയര്‍ , കൈത്തറി തൊഴിലാളികള്‍ക്ക് രണ്ടരകോടി

*ജില്ലയെ ടൂറിസം ഇടനാഴിയാക്കുന്നതിന് ഒരുകോടി

*വയോജന സംരക്ഷണത്തിന് 80 ലക്ഷം

*അഗതികളായ വയോജനങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുന്ന പാഥേയം പദ്ധതിക്ക് മൂന്നുകോടി 28 ലക്ഷം

*673 കോടി 89 ലക്ഷത്തിന്റെ ലേബര്‍ ബഡ്ജറ്റ്, തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ഒരു കോടി മുപ്പത് ലക്ഷം തൊഴില്‍ ദിനങ്ങള്‍

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular