നെയ്യാറ്റിൻകര : പതിമൂന്നുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിയെ 23 വർഷം കഠിനതടവിന് ശിക്ഷിച്ച് നെയ്യാറ്റിൻകര അതിവേഗ പോക്‌സോ കോടതി.
തിരുപുറം, തിരുപുത്തൂർ, മാങ്കൂട്ടം, പി.എം.കോട്ടേജിൽ മനോജി(30)നെയാണ് അതിവേഗ പോക്‌സോ കോടതി ജഡ്ജി കവിതാ ഗംഗാധരൻ ശിക്ഷിച്ചത്. പ്രതി 40000 രൂപ പിഴയും ഒടുക്കണം. 2015-ലാണ് കേസിനാസ്പദമായ സംഭവം.
പീഡനത്തെ തുടർന്ന് പെൺകുട്ടി വീടുവിട്ടുപോയി. പെൺകുട്ടിയ കാണാനില്ലെന്ന് കാണിച്ച് അച്ഛൻ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പീഡനവിവരങ്ങൾ പുറത്തറിഞ്ഞത്. പൂവാർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടിയത്.
സ്‌നേഹം നടിച്ച പ്രതി വീട്ടുകാരില്ലാത്തപ്പോൾ പെൺകുട്ടിയുടെ വീട്ടിൽ പോയി പലപ്പോഴായി പീഡിപ്പിച്ചു. കുട്ടിയെ സുഹൃത്തിന്റെ കാറിൽ കയറ്റി, പ്രതിയുടെ വീട്ടിലെത്തിച്ചും പീഡിപ്പിച്ചു.
മൂന്നാം പ്രതി മാങ്കൂട്ടം വലിയവിളവീട്ടിൽ അനൂപാണ് ഇവർക്ക് എല്ലാവിധ സൗകര്യവുമൊരുക്കി കൊടുത്തത്. ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇയാൾക്ക് പതിനായിരം രൂപ പിഴ ഒടുക്കാൻ കോടതി വിധിച്ചു. രണ്ടാംപ്രതി കാർ ഓടിച്ചിരുന്നയാളാണ്.