കിളിമാനൂർ: കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിരവധി പേർക്ക് തേനീച്ച കുത്തേറ്റു. ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. ഡിപ്പോയ്ക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ നാലുനില കെട്ടിടത്തിന് മുകളിലെ കൂട്ടിൽ പരുന്ത് കൊത്തിയതോടെയാണ് തേനീച്ചകൾ പറന്നെത്തി ഡിപ്പോ പരിസരത്ത് നിന്നവരെ കുത്തിയത്.
ബസ് കാത്തു നിന്നവർക്കും പമ്പിലെത്തിയവർക്കും സമീപത്തെ കടകളിലുണ്ടായിരുന്നവർക്കും കുത്തേറ്റു. കെട്ടിടത്തിൽ പത്തോളം കൂടുകളുണ്ട്. അധികൃതർ അടിയന്തിരമായി ഇടപെട്ട് ഇവനീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.