വർക്കല :വർക്കലയിൽ ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു.
വർക്കല പുത്തൻചന്തയിൽ വീടിനോട് ചേർന്ന് സ്വകാര്യ പ്രാക്ടീസ് നടത്തി വന്നിരുന്ന ഡോക്ടർ പി. സുരേഷ് കുമാറിന് എതിരെയാണ് ആറ്റിങ്ങൽ സ്വദേശിനിയായ 17 കാരിയായ പെൺകുട്ടിയും കുടുബവും പരാതി നൽകിയിട്ടുള്ളത്. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിന് രാത്രി 8 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം.
മുൻകൂട്ടി അപ്പോയിൻമെന്റ് എടുത്ത ശേഷം ക്രമപ്രകാരം മാത്രമാണ് രോഗികളെ പരിശോധന നടത്തുന്നത്. ചെവി വേദനയെ തുടർന്ന് കൺസൾട്ടിംഗിനായി ഡോക്ടറിനെ കാണാൻ എത്തിയെ പെൺകുട്ടിയോട് ലൈംഗിക ഉദ്ദേശത്തോടെ മോശമായി പെരുമാറി എന്നാണ് പരാതി. പെൺകുട്ടിയും കുടുബവും വർക്കല പോലീസിൽ പരാതി നൽകുകയായിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചതിനും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായതിനാൽ പോക്സോ നിയമ പ്രകാരവുമാണ് ഡോക്ടർക്കെതിരെ വർക്കല പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഡോക്ടർ ഒളിവിലാണെന്ന് വർക്കല പൊലീസ് അറിയിച്ചു.