കടയ്ക്കാവൂർ : ആലംകോട് – തൊപ്പിച്ചന്ത റോഡിൽ രാത്രികാലങ്ങളിൽ ഗുണ്ടാ ആക്രമണം. ഇന്നലെ പുലർച്ചെ 2മണിക്ക് നടന്ന ആക്രമണത്തിൽ പെരുംകുളം സ്വദേശിയും ആലംകോട് ഫിഷ് മാർക്കറ്റിലെ എഐടിസിയു തൊഴിലാളിയുമായ ഷൈജുവിനു പരിക്കേറ്റു.
പുലർച്ചെ 2മണിക്ക് മത്സ്യം എടുക്കാൻ വീട്ടിൽ നിന്നും ആലംകോട് മത്സ്യ മൊത്ത വ്യാപാര കേന്ദ്രത്തിലേക്ക് ബൈക്കിൽ യാത്ര ചെയ്തു പോകുകയായിരുന്നു ഷൈജു. പാലാംകോണത്തിനും തൊപ്പിച്ചന്തയ്ക്കും ഇടയിൽ ഇന്ദിര റോഡിനു സമീപമെത്തിയപ്പോൾ രണ്ടുപേർ പാറക്കല്ല് കൊണ്ട് എറിയുകയും ഏറു കൊണ്ട് ഷൈജു ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു.
തുടർന്ന് അക്രമികൾ വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി ഷൈജുവിന്റെ അടുത്തേക്ക് എത്തിയെങ്കിലും പുറകിൽ നിന്ന് മറ്റു വാഹനങ്ങൾ വരുന്നത് കണ്ട് അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് ഷൈജു കടയ്ക്കാവൂർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
പരിക്കേറ്റ ഷൈജുവിനെ നാട്ടുകാരും അതുവഴി വന്ന മറ്റു യാത്രക്കാരും ചേർന്നു ചാത്തൻപാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഒരുപക്ഷെ മത്സ്യ മാർക്കറ്റിലേക്ക് പോകുന്നത് മനസ്സിലാക്കി ആക്രമിച്ചു പണം കൈക്കലാക്കാനുള്ള ശ്രമം ആയിരുന്നോ എന്ന് നാട്ടുകാർ സംശയം പറയുന്നുണ്ട്.
മാത്രമല്ല രാത്രി കാലങ്ങളിൽ ഇത്തരത്തിൽ യാത്രക്കാരെ ആക്രമിക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ സൂചിപ്പിക്കുന്നു. ഈ പ്രദേശത്തെ തെരുവിളക്കുകൾ എറിഞ്ഞു തകർക്കപ്പെട്ട നിലയിലുമാണ്.