നെയ്യാറ്റിൻകര : പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ ഗർഭപാത്രത്തിൽ സർജിക്കൽ കോട്ടൺ തുണി കുടുങ്ങി. സംഭവത്തിൽ ശസ്ത്രിക്രിയ നടത്തിയ ഡോക്ടർക്കെതിരെ കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.
എട്ട് മാസങ്ങളോളം യുവതി ദുരിതം അനുഭവിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മറ്റൊരു ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് തുണി കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട തുറന്ന ശസ്ത്രക്രിയക്ക് ശേഷമാണ് തുണി പുറത്തെടുത്തത്.
നെയ്യാറ്റിൻകര പ്ലാമൂട്ടതട സ്വദേശിനി ജീതുവാണ് (24) അനാസ്ഥയ്ക്കിരയായത്. യുവതിയുടെ അമ്മ നൽകിയ പരാതിയിൽ പ്രസവ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ സുജാ അഗസ്റ്റിന്റെ പേരിലാണ് പൊലീസ് കേസെടുത്തത്. ഡോക്ടർ സുജാ അഗസ്റ്റിൻ അശ്രദ്ധമായാണ് ശസ്ത്രക്രിയ നടത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു.
2022 ജൂലൈ 26നാണ് ശസ്ത്രിക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. അതിനിടെ ശസ്ത്രക്രിയാ സമയത്ത് ഉപയോഗിക്കുന്ന കോട്ടൺ തുണി ഗർഭപാത്രത്തിൽ കുടുങ്ങിയത് അറിയാതെ ശരീരം തുന്നിച്ചേർത്തു. ആറ് ദിവസങ്ങൾക്ക് ശേഷം യുവതെ വീട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു.
വീട്ടിലെത്തിയതോടെ യുവതിക്ക് സ്ഥിരം ആരോഗ്യ പ്രശ്നങ്ങളുണ്ടായി. വയറുവേദന, പനി, മൂത്രത്തിൽ പഴുപ്പ് എന്നിവ തുടർന്നതിനാൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെത്തന്നെ കാണിച്ചു. എന്നാൽ, ഗർഭപാത്രം ചുരുങ്ങാത്തതിനാലാണ് ഇങ്ങനെയുണ്ടാകുന്നതെന്നും മരുന്നുകൾ കഴിച്ചാൽ ശരിയാകും എന്നുമായിരുന്നു മറുപടി.
പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടി. ഇവിടെ നടത്തിയ സ്കാനിങ്ങിലാണ് ഗർഭപാത്രത്തിൽ തുണി കണ്ടെത്തിയത്. ശസ്ത്രക്രിയയും 20 ദിവസത്തെ ആശുപത്രിവാസവും കഴിഞ്ഞാണ് ഡിസ്ചാർജ് ചെയ്തത്.