തിരുവനന്തപുരം : തമ്പാനൂരിലെ അഞ്ചുനില മൾട്ടിലെവൽ പാർക്കിങ് സമുച്ചയം ഇന്ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും.
തമ്പാനൂർ റെയിൽവേ കല്യാണമണ്ഡപത്തോട് ചേർന്നുള്ള നഗരസഭയുടെ 50 സെന്റ് സ്ഥലത്താണ് അഞ്ചുനിലകളുള്ള പാർക്കിങ് സമുച്ചയം ഒരുങ്ങുന്നത്. 22 കാറും 400 ബൈക്കുകളും ഒരേസമയം പാർക്ക് ചെയ്യാം.
സമീപത്തെ കെഎസ്ആർടിസിയുടെ പാർക്കിങ് കേന്ദ്രത്തിൽ കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ളതിനാലാണ് ഇവിടെ ഇരുചക്രവാഹന പാർക്കിങ്ങിന് പ്രാധാന്യം നൽകിയത്. വനിതകൾക്ക് പാർക്കിങ്ങിന് പ്രത്യേകം സ്ഥലം ഉണ്ടാകും. പാർക്കിങ് സ്ഥലത്തിന്റെ ലഭ്യത സമുച്ചയത്തിന് മുന്നിലെ സ്ക്രീനിലൂടെ അറിയാം. 24 മണിക്കൂറും സേവനം ലഭ്യമാണ്.