കാട്ടാക്കട:കാട്ടാക്കട മണ്ഡലത്തിൽ നവീകരണം പൂർത്തിയാക്കിയ രണ്ട് സ്റ്റേഡിയങ്ങൾ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ഗ്രാമീണ കളിക്കളങ്ങൾ, താലൂക്ക് – ജില്ലാ സ്റ്റേഡിയങ്ങൾ എന്നിവയുടെ നിർമ്മാണത്തിനായി 1500 കോടി രൂപ ചെലവഴിച്ചതായി മന്ത്രി പറഞ്ഞു.
ജനങ്ങളിൽ ആരോഗ്യസംരക്ഷണത്തോടൊപ്പം കായിക ശേഷി വർദ്ധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഏഴ് ജില്ലാ ആസ്ഥാന സ്റ്റേഡിയങ്ങളുടെ നിർമ്മാണം പൂർത്തിയായി. മറ്റുള്ളവയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അടുത്ത സാമ്പത്തിക വർഷത്തിൽ 112 ഗ്രാമീണ കളിക്കളങ്ങളുടെ നിർമ്മാണം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ കുളങ്ങരക്കോണം കെ.ജി. ബാലകൃഷ്ണൻ മെമ്മോറിയൽ സ്റ്റേഡിയം, മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ വലിയറത്തല സ്റ്റേഡിയം എന്നിവ പരിശീലനത്തിനായി തുറന്നു. കാട്ടാക്കട എം.എൽ.എ യുടെ
ആസ്തി വികസന ഫണ്ടിൽ നിന്നും 49 ലക്ഷം രൂപ ചെലവഴിച്ചാണ് കുളങ്ങരക്കോണം സ്റ്റേഡിയം നവീകരിച്ചത്. 30 ലക്ഷം രൂപയാണ് വലിയറത്തല സ്റ്റേഡിയം നവീകരണത്തിനായി വിനിയോഗിച്ചത്. ഇരു സ്റ്റേഡിയങ്ങളിലും മൾട്ടി പർപ്പസ് മഡ് കോർട്ട്, ഡ്രെയിനേജ് സംവിധാനം, കോമ്പൗണ്ട് വാൾ, മറ്റ് നവീകരണ പ്രവർത്തികൾ എന്നിവ പൂർത്തിയാക്കി.
കാട്ടാക്കട മണ്ഡലത്തിലെ പഞ്ചായത്തുകളായ മലയിൻകീഴ്, കാട്ടാക്കട, മാറനല്ലൂർ,പള്ളിച്ചൽ എന്നിവിടങ്ങളിൽ നിലവിലുള്ള സ്റ്റേഡിയങ്ങളുടെ നവീകരണം പൂർത്തിയാക്കി. വിളപ്പിൽ പഞ്ചായത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ സ്റ്റേഡിയത്തിന്റെയും, വിളവൂർക്കൽ പഞ്ചായത്തിൽ ജിംനേഷ്യം ഉൾപ്പെടുന്ന സ്റ്റേഡിയത്തിന്റെയും നിർമ്മാണം പുരോഗമിക്കുകയാണെന്ന് ഐ. ബി. സതീഷ് എം.എൽ.എ പറഞ്ഞു.
ഐ. ബി. സതീഷ് എം.എൽ.എ അധ്യക്ഷനായ ചടങ്ങുകളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലിക, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. വത്സലകുമാരി, മറ്റ് ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
								
															
															