റംസാന്‍ മാസം; ശാന്തിഗിരിയില്‍ അന്നദാനത്തിനായി 10 ലക്ഷം നല്‍കി എം.എ യൂസഫലി

IMG_20230413_165722_(1200_x_628_pixel)

പോത്തന്‍കോട് : റംസാനോടനുബന്ധിച്ച് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ പത്മശ്രീ എം.എ. യൂസഫലി ശാന്തിഗിരി ആശ്രമത്തിന് അന്നദാനത്തിനായി 10 ലക്ഷം രൂപ കൈമാറി. റംസാനോടനുബന്ധിച്ചുള്ള വ്രതനാളുകളിലെ അവസാനത്തെ പത്തുദിവസത്തെ അന്നദാനത്തിനുള്ള തുകയായാണ് അദ്ദേഹം ശാന്തിഗിരിയ്ക്ക് കൈമാറിയത്.

ആശ്രമത്തില്‍ എത്തുന്ന സന്ദര്‍ശകരുള്‍പ്പെടെ ദിവസവും അയ്യായിരത്തോളം ആളുകള്‍ക്കാണ് സൗജന്യമായി അന്നദാനം നല്‍കുന്നത്. രാജ്യത്തുടനീളമുള്ള ബ്രാഞ്ചുകളിലും അത് തുടരുന്നു.

ആശ്രമം സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാള്‍ അനക്സില്‍ ഇന്ന് (12-04-2023 ബുധന്‍) ചേര്‍ന്ന സൗഹൃദ മീറ്റിംഗിലാണ് ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, ജനറല്‍ മാനേജര്‍ എക്സ്പോര്‍ട്ട്സ് മുഹമ്മദ് റാഫി, ഫിനാന്‍സ് മാനേജര്‍ അനൂപ് വര്‍ഗ്ഗീസ്, പബ്ലിക് റിലേഷന്‍സ് മാനേജര്‍ സൂരജ് അനന്തകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയ്ക്ക് ചെക്ക് കൈമാറിയത്.

2006 മുതൽ എം.എ യൂസഫലിയുമായി താന്‍ അടുത്ത ബന്ധം പുലര്‍ത്തിവരുന്നതായി സ്വാമി പറഞ്ഞു. കഴിഞ്ഞ സെപ്തംബറില്‍ അദ്ദേഹം ആശ്രമം സന്ദര്‍ശിച്ചിരുന്നു. മഹാനായ മനുഷ്യസ്നേഹിയും ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുത് എന്ന വിശ്വാസ പ്രമാണം സ്വജീവിതത്തില്‍ പാലിക്കുകയും ചെയ്യുന്ന അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനത്തില്‍ കുറച്ചുമാത്രമേ പുറം ലോകമറിയുന്നുള്ളൂ. വ്യക്തികൾ വലുതാകുന്നത് ചെറുതാകുന്നത് കൊണ്ടാണ് എന്ന് തെളിയിച്ചവരാണ് യഥാര്‍ത്ഥത്തിലുള്ള മഹാൻമാർ. എം.എ. യൂസഫലി ‍ ക്രാന്ത ദർശിത്വം ഉള്ള അത്തരം ഒരു മഹത് വ്യക്തിത്വമാണ്. ഓരോ വ്യക്തിയേയും അദ്ദേഹം സസൂഷ്മം ശ്രദ്ധിക്കുന്നതും അവരെ ചേര്‍ത്ത് പിടിക്കുവാന്‍ ശ്രമിക്കുന്നതും തനിക്ക് നേരിട്ട് കാണുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സ്വാമി പറഞ്ഞു.

ലുലുഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍ എം.എ യൂസഫലിയെപ്പോലെയുള്ള ഒരാളുടെ കൂടെ ജോലിചെയ്യുന്നതിലുള്ള തങ്ങളുടെ അഭിമാനം ഏറെയാണെന്നും, തുടര്‍ന്നും ആശ്രമത്തോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു. ആശ്രമം ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ചീഫ് ജനനി ദിവ്യ ജ്ഞാനതപസ്വിനി, ആര്‍ട്സ് & കള്‍ച്ചര്‍ ഹെഡ് സ്വാമി ജനനന്മ ജ്ഞാനതപസ്വി, എന്നിവര്‍ മഹനീയ സാന്നിദ്ധ്യമായിരുന്നു. ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസ് സീനിയര്‍ ജനറല്‍ മാനേജര്‍ റ്റി.കെ. ഉണ്ണികൃഷ്ണ പ്രസാദ് സ്വാഗതവും ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് സീനിയര്‍ ജനറല്‍ മാനേജര്‍ ഡി.പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!