തിരുവനന്തപുരം:കാല്‍പ്പന്തുകളിക്ക് കാഴ്ചപരിമിതി ഒരു തടസ്സമല്ലെന്ന് തെളിയിച്ച ഉജ്ജ്വല പ്രകടനത്തോടെ ഐ.ബി.എഫ്.എഫ് ബ്ലൈന്‍ഡ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് ഡിഫറന്റ് ആര്‍ട് സെന്ററില്‍ ആവേശകരമായ തുടക്കം.
കാഴ്ചപരിമിതര്‍ എങ്ങനെയാണ് കാല്‍പ്പന്തു കളിക്കുക എന്ന ആശങ്കയ്ക്കാണ് ഇതോടെ വിരാമമായത്. കിലുങ്ങുന്ന ഫുട്ബോളിന്റെയും സഹകളിക്കാരുടെ വോയ് എന്ന ശബ്ദത്തെയും പിന്തുടര്‍ന്നാണ് കാഴ്ചയെ മറികടക്കുന്ന അത്ഭുത പ്രകടനം അവര്‍ കാഴ്ചവെച്ചത്. ഓരോ ടീമിലും ഗോള്‍ കീപ്പറടക്കം അഞ്ചുപേരാണുള്ളത്. ബ്ലൈന്‍ഡ് ഫുട്ബോളിനായി ഗ്രൗണ്ട് പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്.
45 മിനിട്ട് നീളുന്ന മത്സരങ്ങളാണ് നടക്കുന്നത്. ടൂര്‍ണമെന്റിന് തുടക്കം കുറിച്ച് വനിതാ വിഭാഗത്തിലെ ആദ്യമത്സരത്തില്‍ കേരളം തെലുങ്കാനയെ നേരിട്ടു. ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഗോള്‍രഹിത സമനിലയില്‍ മത്സരം അവസാനിച്ചു. തുടര്‍ന്ന് നടന്ന മഹാരാഷ്ട്ര-ഗുജറാത്ത് മത്സരവും കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു .
ഇതാദ്യമായാണ് വനിതാവിഭാഗം ബ്ലൈന്‍ഡ് ഫുട്ബോള്‍ നടക്കുന്നത്. ഡിഫറന്റ് ആര്‍ട് സെന്ററും ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷനും (ഐ.ബി.എഫ്.എഫ്) സംയുക്തമായാണ് സൗത്ത്-വെസ്റ്റ് സോണല്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളം, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കാഴ്ചപരിമിതരാണ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.